
വാഷിംഗ്ടൺ: എൽ പാസോയിലെ ഫോർട്ട് ബ്ലിസ്സിൽ പുതിയതും വലിയതുമായ കുടിയേറ്റക്കാരുടെ നാടുകടത്തൽ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് ആർമി സെക്രട്ടറി അറിയിച്ചു. യുഎസ് ആർമി സെക്രട്ടറി ഡാനിയൽ പി ഡ്രോസ്‌കോൾ മാർച്ച് 25, 26 തീയതികളിൽ ഫോർട്ട് ബ്ലിസ്സും എൽ പാസോയും സന്ദർശിച്ചു. കുടിയേറ്റ നാടുകടത്തൽ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് പച്ചക്കൊടി ലഭിച്ചുവെന്നും അതായത് വരും ദിവസങ്ങളിൽ തയ്യാറെടുപ്പുകൾ ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ജനങ്ങളെ സുരക്ഷിതരായി നിലനിർത്താൻ ഇത് വളരെ പ്രധാനപ്പെട്ട ദൗത്യമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഏവിയേഷൻ കമ്പനിയായ മില്യൺ എയർ എൽ പാസോയിലെ ഒരു മീറ്റിംഗ് റൂമിൽ നടത്തിയ ഒരു ചെറിയ വാർത്താ സമ്മേളനത്തിലാണ് ഡ്രോസ്‌കോൾ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
ഫോർട്ട് ബ്ലിസ്സിന്റെ ഫെഡറൽ ഭൂമിയുടെ അതിർത്തിയിലാണ് ഈ സ്ഥലം നിർമ്മിക്കുക. നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് പ്രതിരോധ സെക്രട്ടറിയുടെ ഓഫീസ് നിർദ്ദേശം അംഗീകരിക്കേണ്ടതുണ്ടെന്ന് പബ്ലിക് അഫയേഴ്‌സ് ഉപദേഷ്ടാവ് ലെഫ്റ്റനന്റ് കേണൽ ജെഫ് ടോൾബർട്ട് പറഞ്ഞു. ഫെബ്രുവരിയിലാണ് നാടുകടത്തൽ തടങ്കൽ കേന്ദ്രത്തെക്കുറിച്ചുള്ള വാർത്ത ആദ്യമായി പുറത്ത് വന്നത്. നാടുകടത്തൽ കാത്തിരിക്കുന്ന 10,000 കുടിയേറ്റക്കാരെ പാർപ്പിക്കാനാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്.
ഡോണൾഡ് ട്രംപ് പ്രസിഡന്‍റായപ്പോൾ കൂട്ട നാടുകടത്തലുകൾ നടത്തുമെന്നും ബൈഡൻ ഭരണകൂടത്തിന്റെ കുടിയേറ്റ നയം മാറ്റുമെന്നും വാഗ്ദാനം ചെയ്തിരുന്നു. വെനസ്വേലക്കാർക്കുള്ള താൽക്കാലിക സംരക്ഷിത പദവി (Temporary Protected Status) ഇല്ലാതാക്കുന്നതും ക്യൂബക്കാർ, ഹെയ്തിയൻകാർ, നിക്കരാഗ്വൻകാർ, വെനസ്വേലക്കാർ എന്നിവർക്കുള്ള പ്രത്യേക പരോൾ പ്രോഗ്രാം അവസാനിപ്പിക്കുന്നതും ഈ പിൻവലിക്കലുകളിൽ ഉൾപ്പെടുന്നു.














