
കൊച്ചി: കേസെടുക്കാനുള്ള വകുപ്പില്ലാത്തതിനാൽ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് കൊച്ചി സൈബർ പൊലീസ് വിട്ടയച്ചു. ചോദ്യം ചെയ്യലിൽ താൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ പ്രതികരിച്ചു. വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പരാതി നൽകിയ വിഎസ് അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യൽ.
സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപ പോസ്റ്റുകളാണ് വിനായകൻ പോസ്റ്റ് ചെയ്യുന്നത് എന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ഫേസ് ബുക്കിലൂടെ തുടർച്ചയായി അശ്ലീലവും അധിക്ഷേപവും ചൊരിയുന്ന നടൻ വിനായകൻ ഒരു പൊതുശല്യമെന്നാണ് കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. സർക്കാർ വിനായകനെ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്നും എല്ലാ കലാകാരന്മാർക്കും നടൻ അപമാനമാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനെതിരെയും ഗായകൻ യേശുദാസിനെതിരെയും വിനായകൻ കഴിഞ്ഞ ദിവസം അശ്ലീല പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് എല്ലാത്തിനും ക്ഷമ ചോദിച്ച് ഒരു പോസ്റ്റിട്ടെങ്കിലും തുടർന്ന് വീണ്ടും മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് ഇന്നത്തെ ചോദ്യം ചെയ്യൽ ഉണ്ടായത്.