അറ്റ്ലാന്റ സെൻ്റ്. പോൾ II മിഷനിൽ കൺവെൻഷൻ രജിസ്ട്രേഷൻ കിക്കോഫ് വിജയകരമായി

ബീനാ വള്ളിക്കളം

ഷിക്കാഗോ: 2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് അറ്റ്ലാന്റായിലെ സെൻ്റ്. പോൾ II മിഷനിൽ നടന്നു. കൺവെൻഷൻ കൺവീനർ ഫാദർ തോമസ് കടുകപ്പിള്ളിൽ, ആൻഡ്രൂസ് തോമസ്, സജി വർഗീസ് എന്നിവർ അടങ്ങുന്ന കൺവെൻഷൻ ടീമിനെ ഫാ: ജോസ് ഉപ്പാണിയുടെ നേതൃത്വത്തിൽ ഇടവക അംഗങ്ങൾ സന്തോഷപൂർവ്വം സ്വീകരിച്ചു. സജീവ് കളരിക്കൽ, ടിജി തോമസ്, ആഷിഷ് ബെൻ, രശ്മി ഫ്രാൻസിസ്, ടോം ജോസഫ് എന്നിവർ രജിസ്ട്രേഷന് നേതൃത്വം നൽകി. ഇടവക വികാരി ഫാദർ റെനേഴ്സ് കോയിക്കലോട്ട് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിരുന്നു.

അമേരിക്ക എന്ന കുടിയേറ്റ മണ്ണിൽ വിശ്വാസത്തിൻറെ വേര് ഉറപ്പിക്കുവാനും അത് തലമുറകളിലേക്ക് പകർന്നു നൽകുവാനും പരിശ്രമിക്കുന്ന വിശ്വാസികളുടെ സമൂഹത്തിന്, തലമുറകൾ തമ്മിലുള്ള അന്തരം കുറയ്ക്കുവാനും ഭാവിയിലെ സഭയെ സുരക്ഷിതമാക്കുവാനും ഉള്ള ഒരു സുവർണ്ണാവസരമായി ഈ കൺവെൻഷൻ മാറുമെന്ന് പ്രത്യാശിക്കുന്നതായി രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പറഞ്ഞു. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. നാല് ദിവസങ്ങളിലായി നടത്തുന്ന ഈ കൺവെൻഷനിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും, നാളിതുവരെ ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും യുവജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിരിക്കുന്നു.

രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഇടവകകളും സന്ദർശിക്കുവാൻ ശ്രമിക്കുന്നതായി കൺവെൻഷൻ ടീം അറിയിച്ചു. വിവരങ്ങൾ നേരിട്ട് പങ്കുവയ്ക്കുക വഴി കൺവെൻഷൻ രജിസ്ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു. ഇടവകാംഗങ്ങളുടെ വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. 15-ൽപരം രജിസ്ട്രേഷനുകൾ ഇടവകാംഗങ്ങൾ കൺവെൻഷൻ ടീമിന് കൈമാറി. കൺവെൻഷന്റെ കൂടുതൽ വിവരങ്ങൾ അറിയുവാനും, രജിസ്ട്രേഷൻ നടത്തുവാനും http://www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Convention Kickoff Successful at Atlanta St. Paul II Mission

More Stories from this section

family-dental
witywide