കേന്ദ്രം വക ഡബിൾ ഷോക്ക്! ഗാർഹിക ബജറ്റിനെ താളം തെറ്റിക്കുന്ന പ്രഖ്യാപനവുമായി മന്ത്രി, എൽപിജി സിലിണ്ടർ വിലയും കൂട്ടി

ഡൽഹി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ച് കേന്ദ്രം. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയിട്ടുള്ളത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് ഇതോടെ 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിന്‍റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി കൂടിയിട്ടുണ്ട്. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മാസത്തിൽ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

നേരത്തെ, രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. രണ്ട് രൂപയാണ് കൂട്ടിയത്. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും. എന്നാല്‍, ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്ന് കേന്ദ്രം പറയുന്നു. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ വിൽപ്പനയെ ബാധിക്കാത്തത്. എന്നാല്‍, ഈ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വന്നാല്‍ അത് സാധാരണക്കാരെ ബാധിക്കും.