17 മണിക്കൂർ പിന്നിട്ടിട്ടും തുടരുന്ന വിമർശനം, ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കൻ സെനറ്ററുടെ പ്രസംഗം റെക്കോഡുകൾ തകർക്കുമോ?

ന്യൂയോർക്ക്: ന്യൂ ജേഴ്‌സിയിൽ നിന്നുള്ള അമേരിക്കൻ സെനറ്റർ കോറി ബുക്കറുടെ സെനറ്റിലെ പ്രസംഗം റെക്കോഡുകൾ തകർത്ത് മുന്നേറുന്നു. ട്രംപ് ഭരണകൂടത്തിനെതിരെ തിങ്കളാഴ്ച രാത്രി തുടങ്ങിയ ബുക്കറുടെ പ്രസംഗം 17 മണിക്കൂർ പിന്നിട്ട് മുന്നേറുകയാണ്. അമേരിക്കൻ സെനറ്റിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ പ്രസംഗമെന്ന റെക്കോഡ് ഇതിനകം ബുക്കർ സ്വന്തമാക്കി. ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത പ്രസംഗത്തിനുള്ള റെക്കോർഡ് 1957 ലെ സൗത്ത് കരോലിനയിലെ സെനറ്റർ സ്ട്രോം തർമണ്ടിന്‍റെ പേരിലാണ്. 1957 ൽ പൗരാവകാശ നിയമത്തിനെതിരായ തർമണ്ടിന്‍റെ പ്രസംഗം 24 മണിക്കൂറും 18 മിനിറ്റുമാണ് നീണ്ടത്.

പ്രസിഡന്റ് ട്രംപിനെയും ഡോജിന് നേതൃത്വം നൽകുന്ന ശതകോടീശ്വരൻ എലോൺ മസ്‌കിനെയും ലക്ഷ്യം വച്ചുള്ളതാണ് കോറി ബുക്കറുടെ പ്രസംഗം. പതിനേഴ് മണിക്കൂറിലധികം നീണ്ട കോറി ബുക്കറിന്‍റെ പ്രസംഗം ഇപ്പോഴും തുടരുകയാണ്. ട്രംപിന്‍റെ നയങ്ങൾ അമേരിക്കയുടെ നിയമവാഴ്ച, ഭരണഘടന, ജനതയുടെ ആവശ്യങ്ങൾ എന്നിവയോടുള്ള തികഞ്ഞ അവഗണനയാണ് എന്നതടക്കമുള്ള വിമർശനങ്ങളാണ് കോറി ബുക്കർ മുന്നോട്ട് വച്ചിരിക്കുന്നത്.

ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവ മുതൽ കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, പൊതുവിദ്യാഭ്യാസം, സ്വതന്ത്രമായ സംസാരം, വിദേശനയം തുടങ്ങി നിരവധി വിഷയങ്ങളിൽ ട്രംപ് ഭരണകൂടത്തിനെതിരെ ബുക്കർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേവലം 71 ദിവസത്തിനുള്ളിൽ പ്രസിഡന്റ് ട്രംപ് അമേരിക്കക്കാരുടെ സുരക്ഷ, സാമ്പത്തിക സ്ഥിരത, രാജ്യത്തിന്‍റെ ജനാധിപത്യത്തിന്റെ അടിത്തറ, പൊതു മാന്യത എന്നിവയുടെ മേൽ ഒന്നിനു പുറകെ ഒന്നായി ദോഷം വരുത്തിവച്ചെന്നും അദ്ദേഹം വിമർശിച്ചു. പ്രസംഗം 24 മണിക്കൂർ പിന്നിട്ട് ചരിത്രം തിരുത്തുമോ എന്നതാണ് ഇനി കണ്ടറിയാനുള്ളത്.

More Stories from this section

family-dental
witywide