ആദ്യം രാജ്യം, പിന്നെ പാർട്ടി; ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരുമെന്ന നിലപാടിൽ ഉറച്ച് ശശി തരൂർ

കൊച്ചി: ആദ്യം രാജ്യം പിന്നെ പാർട്ടിയെന്ന് നിലപാട് ആവർത്തിച്ച് ലോക്സഭാ എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരും. ഏത് രാഷ്ട്രീയ പാർട്ടിയിൽ ആയാലും മികച്ച ഇന്ത്യയെ നിർമ്മിക്കുവാൻ ബാധ്യസ്ഥരാണ്. ഗവൺമെന്റിനെയും സൈന്യത്തെയും പിന്തുണച്ചതിന്റെ പേരിൽ എനിക്കെതിരെ വിമർശനം ഉണ്ടായി. പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ചെയ്യേണ്ടതാണ് താൻ ചെയ്തതെന്നും ഡോ. ശശി തരൂർ പറഞ്ഞു. കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരുന്നത് സ്വന്തം പാർട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിച്ചേക്കാം. തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യമെന്നും രാജ്യത്തിനു വേണ്ടിയുള്ള ശരിയായ കാര്യമാണ് താൻ ചെയ്തതെന്നും എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും ശശി തരൂർ വ്യക്തമാക്കി.

വിവാദത്തിലായ അടിയന്തരാവസ്ഥയെ കുറിച്ചുളള ലേഖനത്തിലും തരൂർ പ്രതികരിച്ചു. നേരത്തെ ഞാൻ എഴുതിയ പുസ്തകത്തിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. 1997ൽ താൻ എഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയത്. അന്ന് അത് വായിക്കാത്തവരാണ് ഇന്ന് വിമർശിക്കുന്നത്. ഗാന്ധി കുടുംബത്തിനെതിരെ ഒന്നും താൻ പറഞ്ഞിട്ടില്ല. നടന്ന ചില സംഭവങ്ങളെ കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നതെന്ന് തരൂർ കൂട്ടിച്ചേർത്തു.

അതേസമയം തരൂരിന്റെ മോദി സ്തുതിയിൽ കോൺ​ഗ്രസിനകത്ത് വലിയ വിമർശനമാണ് ഉയരുന്നത്. തരൂർ നരേന്ദ്ര മോദിയെ പ്രശംസിച്ചതും അടിയന്തരാവസ്ഥയെ കടുത്ത ഭാഷയിൽ വിമർശിച്ചതും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും ജനപിന്തുണയുണ്ടെന്ന സർവേ പങ്കുവച്ചതും കോൺഗ്രസിനകത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide