
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 269 പുതിയ കോവിഡ്-19 കേസുകള്‍ കൂടി വന്നതോടെ രാജ്യത്ത് ഇതുവരെ 7400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കേരളത്തില്‍ മൂന്നു മരണവും മഹാരാഷ്ട്രയില്‍ നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
കേരളത്തില്‍ ഇതുവരെ 2109 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. ഇതുവരെ 1437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സിക്കിം (11), തമിഴ്നാട് (12), ഹരിയാന (9) തുടങ്ങിയ സംസ്ഥാനങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സജീവമായ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. അരുണാചല്‍ പ്രദേശ്, ചണ്ഡീഗഡ്, ലഡാക്ക്, മിസോറാം, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.