കടുത്ത ആശങ്ക, കോവിഡ്-19 വാക്സിനുകളുടെ ഫലപ്രാപ്തിയെയും സുരക്ഷയെയും ചോദ്യം ചെയ്ത് ട്രംപ് അനുകൂല ആരോഗ്യ സമിതി

വാഷിംഗ്ടൺ: കോവിഡ്-19 വാക്സിനുകളുടെ ഫലപ്രാപ്തിയെയും സുരക്ഷയെയും ചോദ്യം ചെയ്ത് ട്രംപ് അനുകൂല ആരോഗ്യ സമിതി. ഇത് വാക്സിനേഷനോടുള്ള പൊതുജന വിശ്വാസം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. വിവാദ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ തിരഞ്ഞെടുത്ത അംഗങ്ങൾ ഉൾപ്പെട്ട ഇമ്മ്യൂണൈസേഷൻ പ്രാക്ടീസസ് അഡ്വൈസറി കമ്മിറ്റി (ACIP), കോവിഡ്-19 വാക്സിൻ വ്യക്തികളുടെ സ്വന്തം ഇഷ്ടപ്രകാരവും വൈദ്യോപദേശമനുസരിച്ചും മാത്രം സ്വീകരിക്കേണ്ട ഒന്നാണെന്ന് പ്രഖ്യാപിച്ചു.

സിഡിസിക്കുള്ള നിർദ്ദേശം
വാക്സിനേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ആരോഗ്യ പ്രവർത്തകർ കൂടുതൽ ശക്തമായ മുന്നറിയിപ്പ് നൽകണമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനോട് (CDC) കമ്മിറ്റി ആവശ്യപ്പെട്ടു. പല മെഡിക്കൽ, ശാസ്ത്ര സംഘടനകളും കോവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഗുരുതര രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷണം നൽകുന്നുണ്ടെന്നും തെളിവുകൾ സഹിതം വ്യക്തമാക്കിയിരുന്നു. എന്നിട്ടും വാക്സിനുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഏറെ വിമർശനങ്ങൾക്ക് കാരണമായി.

വിദഗ്ദ്ധരുടെ പ്രതികരണം
കമ്മിറ്റിയുടെ നീക്കം “അസാധാരണമായി അവ്യക്തമാണെന്ന്” അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിലെ സീൻ ഒ’ലിയറി പറഞ്ഞു. “ഇത്തരമൊരു സംഭവം ഞാൻ ഇതുവരെ കണ്ടിട്ടില്ല,” അദ്ദേഹം AFP-യോട് പറഞ്ഞു. “വാക്സിനുകളോടുള്ള അവിശ്വാസം വളർത്താനും ഭയം സൃഷ്ടിക്കാനും വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു ഇത്. കോവിഡ് വാക്സിനുകളെക്കുറിച്ചുള്ള ചർച്ചകൾ കെട്ടുകഥകളെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. യഥാർത്ഥ ശാസ്ത്രീയ പഠനങ്ങളിലായിരുന്നില്ല അവരുടെ ശ്രദ്ധ,” ഒ’ലിയറി കൂട്ടിച്ചേർത്തു. ഈ നീക്കം വാക്സിൻ വിരുദ്ധ ക്യാമ്പുകൾക്ക് കൂടുതൽ ശക്തി നൽകുമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.