രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ അസംബന്ധം, രൂക്ഷ വിമർശനവുമായി സിപിഎം സെക്രട്ടറി, രാജ്ഭവനിൽ പ്രതിഷേധിച്ച സിപിഐ മന്ത്രിക്ക് അഭിനന്ദനം

രാജ്ഭവനില്‍ നടന്ന ഔദ്യോഗിക പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത് അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാജ്ഭവനെ കാവി പുതപ്പിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ല. ആര്‍എസ്എസ് കേന്ദ്രമാക്കാനുള്ള നീക്കങ്ങളില്‍ നിന്നും ഗവര്‍ണര്‍ പിന്‍മാറണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

പൊതു ഇടത്തില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം വച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങി പോന്ന മന്ത്രി പ്രസാദിന്റെ നടപടി അഭിനന്ദനം അര്‍ഹിക്കുന്നതാണ്. വര്‍ഗീയതയ്ക്ക് എതിരായി സിപിഎം സ്വീകരിക്കുന്നത് ഉറച്ച നിലപാടു തന്നെയാണ്. അത് ഒരിക്കലും മാറില്ല. ഇപ്പോഴത്തെ വിവാദത്തില്‍ സിപിഐ കുറേക്കൂടി ശക്തമായ നിലപാടെടുത്തു. അതുകൊണ്ട് സിപിഎമ്മിന്റേത് ദുര്‍ബലം എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയവത്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നത് പതിവാണ്. കേരളത്തിലും അത് തന്നെയാണ് നടക്കുന്നത്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ നിയമസഭ പോലെ, സെക്രട്ടേറിയേറ്റ് പോലെ ഒരു പൊതു ഇടമാണ്. അത്തരമൊരു പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാന്‍ പാടില്ല. സിപിഎം ഭരിക്കുന്നതു കൊണ്ട് സെക്രട്ടറിയേറ്റില്‍ ചുവന്ന കൊടി സ്ഥാപിച്ചാല്‍ അംഗീകരിക്കുമോ എന്നും ഗോവിന്ദന്‍ ചോദിച്ചു.

More Stories from this section

family-dental
witywide