36 ദിവസങ്ങള്‍… ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിനുള്ളില്‍ യു.എസ്, വിമാനത്താവളങ്ങളിൽ പ്രതിസന്ധി രൂക്ഷം

വാഷിംഗ്ടണ്‍ : അമേരിക്ക ഇപ്പോള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ അടച്ചുപൂട്ടലിന് സാക്ഷ്യം വഹിക്കുന്നു. ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ നേതാക്കള്‍ക്കളുടെ വിയോജിപ്പാണ് ഭരണസ്തംഭനം തുടരുന്നതിലേക്ക് നയിച്ചത്.

യുഎസ് സാമ്പത്തിക വര്‍ഷാരംഭമായ ഒക്ടോബര്‍ ഒന്നിനാണ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ആരംഭിച്ചത്. ഫെഡറല്‍ ഏജന്‍സികളുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് അനുവദിക്കേണ്ട ധനവിനിയോഗ ബില്ല് സെനറ്റില്‍ പാസാകാത്തതാണ് ഷട്ട്ഡൗണിന് കാരണം. ഇതിനിടെ ബില്ല് പാസ്സാക്കാനുള്ള 14 വോട്ടുകള്‍ പരാജയപ്പെട്ടു. 7 ബില്യണ്‍ ഡോളറാണ് നഷ്ടം വന്നിരിക്കുന്നത്.

36 ദിവസത്തെ ഈ അടച്ചുപൂട്ടല്‍ ഇനി ചരിത്രം

36 ദിവസത്തെ അടച്ചുപൂട്ടല്‍ പുതിയ ചരിത്രമാണ് യുഎസിന് സമ്മാനിച്ചത്. 2018-2019 ലെ ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് സ്ഥാപിച്ച 35 ദിവസത്തെ റെക്കോര്‍ഡാണ് ഇക്കുറി തകര്‍ത്തത്.

പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് അവതരിപ്പിച്ച അഫോര്‍ഡബിള്‍ കെയര്‍ ആക്ടിന് കീഴിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സബ്‌സിഡി ഈ വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ അത് നീട്ടിനല്‍കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ റിപ്പബ്ലിക്കന്മാര്‍ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 2025 ല്‍ ഈ ക്രെഡിറ്റുകള്‍ അവസാനിച്ചാല്‍, ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് താങ്ങാന്‍ കഴിഞ്ഞേക്കില്ല.

റിപ്പബ്ലിക്കന്‍മാരുടെ നിയന്ത്രണത്തിലുള്ള പ്രതിനിധി സഭ സെപ്റ്റംബറില്‍ ഒരു ഫണ്ടിംഗ് ബില്‍ പാസാക്കി, ഒരു ഡെമോക്രാറ്റ് മാത്രമേ അനുകൂലമായി വോട്ട് ചെയ്തുള്ളൂ. അതിനുശേഷം, സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ സഭയെ സമ്മേളനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇത് മിക്ക നടപടികളും സെനറ്റിലേക്ക് മാറ്റി. ചൊവ്വാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 14-ാം തവണയും ബില്ല് പാസാക്കാനുള്ള ശ്രമം പരാജയപ്പെട്ടു.

സെനറ്റില്‍ ബില്‍ പാസാകണമെങ്കില്‍, 60 വോട്ടുകള്‍ ആവശ്യമാണ്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 54-44 വോട്ടുകള്‍ക്ക് ബില്ല് പരാജയപ്പെട്ടു. സെനറ്റില്‍ 53 റിപ്പബ്ലിക്കന്‍മാരും 45 ഡെമോക്രാറ്റുകളും ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്ന രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 100 അംഗങ്ങളുണ്ട്.

7 ബില്യണ്‍ ഡോളറിലധികം സാമ്പത്തിക നഷ്ടം

ശമ്പളമില്ലാതെ ജോലിചെയ്യുന്നവരും, കുറച്ച് പണം ചെലവഴിക്കുന്നതിനാലും ഭക്ഷ്യസഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാലും അടച്ചുപൂട്ടല്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. കോണ്‍ഗ്രസ് ബജറ്റ് ഓഫീസ് അനുസരിച്ച്, അടച്ചുപൂട്ടല്‍ നാല് ആഴ്ച കടന്നതിനുശേഷം, ജിഡിപി 7 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആറ് ആഴ്ച നീണ്ടുനിന്നാല്‍, നഷ്ടം 11 ബില്യണ്‍ ഡോളറിലെത്തിയേക്കാം. ഭക്ഷ്യസഹായം ലഭിക്കുന്ന 42 ദശലക്ഷം ദുര്‍ബലരായ അമേരിക്കക്കാരെ ഷട്ട്ഡൗണ്‍ സാരമായി ബാധിക്കുന്നുണ്ട്. ഇവര്‍ക്കായി അടിയന്തര ഫണ്ട് ഉപയോഗിക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് കഴിഞ്ഞ ആഴ്ച രണ്ട് ഫെഡറല്‍ കോടതികള്‍ വിധിച്ചു.

ശമ്പളമില്ലാതെ ജോലി ചെയ്യുന്നതില്‍ നിന്ന് 670,000 ഫെഡറല്‍ ജീവനക്കാരെതാല്‍ക്കാലികമായി മാറ്റിനിര്‍ത്തിയിട്ടുണ്ട്. അവര്‍ക്ക് പണം നല്‍കാത്തതിലൂടെ സര്‍ക്കാര്‍ പ്രതിദിനം 400 മില്യണ്‍ ഡോളര്‍ ലാഭിക്കുന്നുണ്ടെന്ന് യുഎസ് ബജറ്റ് ഓഫീസ് പറയുന്നു.

ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 730,000 ജീവനക്കാര്‍

ഒഴിവാക്കപ്പെടാനാവാത്ത ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏകദേശം 730,000 ഫെഡറല്‍ ജീവനക്കാര്‍ ഇപ്പോഴും ജോലിതുടരുന്നുണ്ട്. ശമ്പളമില്ലെങ്കില്‍പ്പോലും അവരുടെ ജോലികള്‍ അത്യാവശ്യമാണെന്ന് കണക്കാക്കപ്പെടുന്നു. അടച്ചുപൂട്ടല്‍ അവസാനിക്കുന്നതുവരെ അവര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.

ഷട്ട്ഡൗണ്‍ സമയത്ത് സൈനികര്‍ക്ക് ശമ്പളം നല്‍കാന്‍ ഒരു ‘ദേശസ്‌നേഹി’ 130 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മെലോണ്‍ ബാങ്കിംഗ് കുടുംബത്തിലെ ഒരു ശതകോടീശ്വരനായ തിമോത്തി മെലോണ്‍ ആണ് ദാതാവ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഏകദേശം 1.3 ദശലക്ഷം സജീവ സൈനികര്‍ ഉള്ളതുകൊണ്ടുതന്നെ ഈ പണത്തില്‍ നിന്നും ഒരു സൈനികന് ഏകദേശം 100 ഡോളര്‍ മാത്രമേ ലഭിക്കൂ. കൂടാതെ മുഴുവന്‍ ശമ്പളവും നല്‍കാന്‍ ഇത് പര്യാപ്തമല്ല.

താളംതെറ്റി വ്യോമഗതാഗതം

ഷട്ട്ഡൗണ്‍ ഒരുമാസം പിന്നിട്ടതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവ് വിമാന സര്‍വീസുകളെ സാരമായി ബാധിക്കുന്നുണ്ട്. വ്യോമഗതാഗതത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ഷട്ട്ഡൗണിനിടെ ജോലിക്ക് ഹാജരാകേണ്ട അത്യാവശ്യ വിഭാഗത്തില്‍പെട്ട എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് മുന്നറിയിപ്പുമായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി സീന്‍ ഡഫി രംഗത്തെത്തി. ആവശ്യത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ജോലിക്ക് ഹാജരായില്ലെങ്കില്‍ യുഎസ് വ്യോമാതിര്‍ത്തിയുടെ ചില ഭാഗങ്ങള്‍ അടച്ചിടാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിര്‍ബന്ധിതരായേക്കാമെന്ന് ഡഫി പറഞ്ഞു.

രാജ്യത്തുടനീളമുള്ള 40 പ്രധാന വിമാനത്താവളങ്ങളിലെ വിമാനങ്ങളുടെ ശേഷി 10% കുറയ്ക്കാന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ തീരുമാനിച്ചു. ഈ തീരുമാനം പ്രതിദിനം ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കാം. നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എഫ്എഎ അഡ്മിനിസ്‌ട്രേറ്റര്‍ ബ്രയാന്‍ ബെഡ്‌ഫോര്‍ഡും ഷോണ്‍ ഡഫിയും പറഞ്ഞു. ഏത് വിമാനത്താവളങ്ങളെയാണ് ഇത് ബാധിക്കുന്നതെന്ന് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഷട്ട് ഡൗണ്‍ ചരിത്രം

2018 ഡിസംബര്‍ 22 മുതല്‍ 2019 ജനുവരി 25 വരെ 35 ദിവസം നീണ്ടുനിന്ന അടച്ചുപൂട്ടലാണ് യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടൽ. ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്തു തന്നെയാണ് ഇതും സംഭവിച്ചത് എന്നത് ശ്രദ്ധേയം. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ ഒരു മതിലിനുള്ള ഫണ്ടിംഗിനെച്ചൊല്ലി കോണ്‍ഗ്രസും ട്രംപ് ഭരണകൂടവുമായുള്ള പ്രതിസന്ധി കാരണമാണ് 2018 ഡിസംബര്‍ മുതല്‍ 2019 ജനുവരി വരെ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ സംഭവിച്ചത്.

ബില്‍ ക്ലിന്റന്റെ പ്രസിഡന്റ് പദത്തിലെ ആദ്യ കാലയളവിലായിരുന്നു യുഎസ് ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ അടച്ചുപൂട്ടല്‍. 1995 ഡിസംബര്‍ 16 മുതല്‍ 1996 ജനുവരി 6 വരെ 21 ദിവസമാണ് യുഎസ് ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നിശ്ചലമായത്.

നിലവില്‍ തുടരുന്ന ഷട്ട്ഡൗണ്‍ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍, 22 ഫെഡറല്‍ അടച്ചുപൂട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. ജിമ്മി കാര്‍ട്ടര്‍, റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ് ബുഷ് സീനിയര്‍ എന്നിവരുടെ കാലയളവിലും യുഎസ് ഭരണസ്തംഭനം നേരിട്ടിട്ടുണ്ടെങ്കിലും മണിക്കൂറുകളും ദിവസങ്ങളും മാത്രമായിരുന്നു ആയുസ്. സമീപ കാലത്ത് ജോര്‍ജ് ഡബ്യു. ബുഷും ജോ ബൈഡനും മാത്രമാണ് അടച്ചുപൂട്ടല്‍ നേരിടാതിരുന്നത്.

Crisis deepens at US airports amid longest shutdown in history.

More Stories from this section

family-dental
witywide