ലോകത്തിന് നേരിയ ആശ്വാസം പകരുന്ന വാർത്ത; ഇറാൻ യുഎസുമായി നേരിട്ട് ചർച്ച നടത്തിയതായി റിപ്പോര്‍ട്ടുകൾ, ഫോണിൽ സംസാരിച്ച് വിറ്റ്കോഫും അബ്ബാസ് അറഖ്ച്ചിയും

ടെഹ്റാൻ/ വാഷിംഗ്ടൺ: ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ യുഎസുമായി നേരിട്ട് ചർച്ച നടത്തിയതായി റിപ്പോര്‍ട്ടുകൾ. പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം കാണുന്നതിനായി യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ച്ചിയും പലതവണ ഫോണിൽ സംസാരിച്ചതായി മൂന്ന് നയതന്ത്രജ്ഞർ റോയിട്ടേഴ്സിനോട് പറഞ്ഞു. വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പേര് വെളിപ്പെടുത്താൻ നയതന്ത്രജ്ഞർ തയാറായില്ല. ജൂൺ 13-ന് ആരംഭിച്ച ആക്രമണങ്ങൾ ഇസ്രായേൽ നിർത്തിവെച്ചില്ലെങ്കിൽ ടെഹ്‌റാൻ ചർച്ചകളിലേക്ക് തിരികെ വരില്ലെന്ന് അറഖ്ച്ചി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

മേയ് അവസാനത്തിൽ ഇറാനു നൽകിയ ഒരു യുഎസ് നിർദ്ദേശത്തെക്കുറിച്ചുള്ള ഹ്രസ്വമായ ചർച്ചകളും ഈ സംഭാഷണങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇറാനു പുറത്ത് യുറേനിയം സമ്പുഷ്ടീകരിക്കാൻ ലക്ഷ്യമിടുന്ന ഒരു പ്രാദേശിക കൺസോർഷ്യം രൂപീകരിക്കാനുള്ള ഈ നിർദ്ദേശം ടെഹ്‌റാൻ ഇതുവരെ തള്ളിയിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണത്തിനായി റോയിട്ടേഴ്സ് ആവശ്യപ്പെട്ടപ്പോൾ യുഎസ്, ഇറാനിയൻ ഉദ്യോഗസ്ഥർ ഉടനടി മറുപടി നൽകിയില്ല.

ഈ ആഴ്ചയിലെ ഫോൺ സംഭാഷണങ്ങൾ ഏപ്രിലിൽ ഇരുവിഭാഗവും ചർച്ചകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നേരിട്ടുള്ള സംഭാഷണങ്ങളായിരുന്നു. ഒമാനിലും ഇറ്റലിയിലും വെച്ച് നടന്ന പരോക്ഷ ചർച്ചകൾക്ക് ശേഷം ഇരു നേതാക്കളും കണ്ടുമുട്ടിയപ്പോൾ ഹ്രസ്വമായി സംസാരിച്ചിരുന്നു. വാഷിംഗ്ടൺ ഇസ്രായേലിൽ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ ആണവ വിഷയത്തിൽ ടെഹ്‌റാന് സ്ഥിരത കാണിക്കാൻ കഴിയും എന്ന് അറഖ്ച്ചി വിറ്റ്കോഫിനോട് പറഞ്ഞതായി ടെഹ്‌റാനുമായി അടുത്ത ബന്ധമുള്ള ഒരു പ്രാദേശിക നയതന്ത്രജ്ഞൻ പറഞ്ഞു.

More Stories from this section

family-dental
witywide