
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്കൻ ഇന്തോനേഷ്യയോട് ചേർന്നുള്ള മലാക്ക കടലിടുക്കിൽ രൂപംകൊണ്ട ആഴത്തിലുള്ള ന്യൂനമർദ്ദം ബുധനാഴ്ച രാവിലെ ‘സെൻയാർ’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. യുഎഇയാണ് ചുഴലിക്കാറ്റിന് സെന്‍യാര്‍ എന്ന പേര് നിര്‍ദേശിച്ചത്. ‘സിംഹം’ എന്നാണ് ഈ വാക്കിന്റെ അര്‍ഥം.
ഇത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപത്തുകൂടി സഞ്ചരിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. കേരളത്തില്‍ നേരിട്ട് ബാധിക്കില്ലെങ്കിലും കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തമിഴ്‌നാട്ടില്‍ നവംബര്‍ 30 വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശിന്റെ തീരപ്രദേശത്തും യാനം, റായലസീമ എന്നിവിടങ്ങളിലും നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
കേരള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. മാഹിയിലും കനത്ത മഴ മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും കാരണമാകും. തമിഴ്‌നാട്, കേരളം, മാഹി, ലക്ഷദ്വീപ്, തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Cyclone ‘Senyar’ to move towards Tamil Nadu-Andhra coast. Heavy rain in Kerala in the coming days.













