
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻലാൽ അഭിനയ മികവിന്റെ പ്രതീകവും മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹൻലാൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്നും മോദി എക്സിൽ കുറിച്ചു.
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് 2023ലെ പുരസ്‌കാരമാണ്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും എക്‌സില്‍ കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.