മമ്മൂട്ടിയുടെയും ദാക്ഷായണി വേലായുധൻ്റെയും ജീവിതവും സംഭാവനയും ഇനി വിദ്യാർഥികൾ പഠിക്കും; മഹാരാജാസ് സിലബസിൽ ഉൾപ്പെടുത്തി

കൊച്ചി: വിദ്യാർത്ഥികൾ ഇനി മമ്മൂട്ടിയുടെയും ദാക്ഷായണി വേലായുധന്റെയും ജീവിതവും സംഭാവനകളും പഠിക്കും. എറണാകുളം മഹാരാജാസ് കോളേജിന്റെ ബിരുദ പാഠ്യപദ്ധതിയിൽ ഈ പ്രമുഖരായ വ്യക്തികളെ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭരണഘടനാ നിർമാണ സമിതിയിലെ ഏക ദലിത് വനിതാ അംഗമായ ദാക്ഷായണിയുടെ സാമൂഹിക പോരാട്ടങ്ങളും, മലയാള സിനിമയിലെ അതുല്യ പ്രതിഭയായ മമ്മൂട്ടിയുടെ കലാജീവിതവും വിദ്യാർത്ഥികൾക്ക് പ്രചോദനം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി മഹാരാജാസ് കോളേജ് അധികൃതർ അറിയിച്ചു.

1912-ൽ കൊച്ചിയിലെ മുളവുകാട് ദ്വീപിൽ പുലയ സമുദായത്തിൽ ജനിച്ച ദാക്ഷായണി വേലായുധൻ, കേരളത്തിലെ ആദ്യ ദലിത് വനിതാ ബിരുദധാരിയായി. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയ അവർ, ഭരണഘടനാ നിർമാണത്തിൽ നിർണായക പങ്കുവഹിക്കുകയും അവർണർക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ഗാന്ധിജിയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അവർ, ഡോ. ബി.ആർ. അംബേദ്കറിന്റെ ചിന്തകളോടും അടുപ്പം കാട്ടി. 2019-ൽ കേരള സർക്കാർ അവരുടെ പേര് ഒരു അവാർഡിന് നൽകി, സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നവരെ ആദരിക്കുന്നു.

മലയാള സിനിമയുടെ നടന വിസ്മയമായ മമ്മൂട്ടി, മഹാരാജാസ് കോളേജിന്റെ മറ്റൊരു അഭിമാനമാണ്. അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ 400-ലധികം ചലച്ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം, മൂന്ന് ദേശീയ പുരസ്കാരങ്ങളും നിരവധി സംസ്ഥാന പുരസ്കാരങ്ങളും കരസ്ഥമാക്കി. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന അഭിനയവും സാമൂഹിക പ്രതിബദ്ധതയും വിദ്യാർത്ഥികൾക്ക് മാതൃകയാകും. കോളേജിന്റെ 150-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കിയ ഈ പാഠ്യപദ്ധതി നവീകരണം, കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ അവസരമൊരുക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

More Stories from this section

family-dental
witywide