
പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ് ആളുകൾ മരിക്കുന്നതിൻ്റെ നടുക്കത്തിലാണ് കേരളം. കുത്തിവയ്പ് എടുത്തിട്ടും കാര്യമില്ല എന്ന് നിരവധി സംഭവങ്ങൾ തെളിയിച്ചിരുിക്കുകയാണ്.
തെരുവുനായ്ക്കളുടെ സാന്നിധ്യം അനുദിനം പെരുകുന്ന കേരളത്തിലെ നിരത്തുകളിലൂടെ ജീവൻ പണയം വച്ചാണ് കാൽനടക്കാരുടെയും ഇരുചക്ര വാഹനയാത്രക്കാരുടെയും സഞ്ചാരം. തെരുവുനായ്ക്കൾ വീടിനുള്ളിൽ കയറി ആക്രമണം നടത്തുന്ന സംഭവങ്ങളും കേരളത്തലുണ്ടായിട്ടുണ്ട്. ഇനി എന്തു ചെയ്യും. എന്തുകൊണ്ടാണ് വാക്സിനുകൾ ഫലവത്താകാത്തത്. എവിടെയാണ് പിഴയക്കുന്നത്. പല കാരണങ്ങൾ ഉണ്ട് ഇതിന്.
വാക്സിൻ കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധക്കുറവാണ് ഒരു കാരണം. വാക്സിന് മൂന്നു വർഷം കാലാവധി ഉണ്ടെങ്കിലും അവ കൃത്യമായി 2 മുതൽ 6 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം. ജനറേറ്റർ സൌകര്യമില്ലാത്ത ആശുപത്രികളിൽ വൈദ്യുതി പോകുമ്പോൾ വാക്സിൻ്റെ ഗുണനിലവാരം നഷ്ടപ്പെടും എന്ന് ഉറപ്പ്.
മറ്റൊരു കാര്യം വാക്സിൻ എടുക്കുന്ന രീതിയാണ്. ഇൻട്രാഡെർമൽ റേബീസ് വാക്സിൻ എടുക്കുമ്പോൾ സൂചി ചർമം കടന്ന് അൽപം ആഴത്തിൽ പോയാൽ വാക്സിൻ്റെ ഗുണം കിട്ടണമെന്നില്ല.
പട്ടികടിച്ച മുറിവുകൾക്ക് ചുറ്റും ഇമ്യൂണോ ഗ്ലോബുലിൻ കുത്തിവയ്ക്കുന്പോൾഅത് പുറത്തേക്കു പോകാതെ മാംസഭാഗത്ത് തങ്ങിനിൽക്കണം . അല്ലെങ്കിൽ ഗുണം ചെയ്യില്ല.
നായുടെ കടിയേറ്റ ഉടൻ തന്നെ ആദ്യം ചെയ്യേണ്ടത് മുറിവ് സോപ് ഉപയോഗിച്ച് നല്ലപോലെ കഴുക എന്നതാണ്. സോപ് ഉപയോഗിച്ച് കഴുകുമ്പോൾ വൈറസ് ഒരുപരിധിവരെ ഇല്ലാതാകും. പേവിഷബാധയ്ക്കുള്ള സാധ്യത അതോടെ നന്നേ കുറയുന്നു. അതിനു ശേഷം എത്രയും വേഗം കുത്തിവയ്പ് എടുക്കണം.
പേവിഷ പ്രതിരോധ കുത്തിവയ്പെടുത്താലും (ആന്റി റേബീസ് വാക്സീൻ) അപൂർവമായി പേവിഷബാധയ്ക്ക് സാധ്യതയുണ്ട്. എവിടെയാണ് കടിയേറ്റത് എന്നതിനെക്കൂടി ആശ്രയിച്ചാണത്.
കടിയേറ്റ ഭാഗത്തെ മുറിവിലൂടെയാണ് പേപ്പട്ടിയുടെ ഉമിനീരിൽ നിന്നുള്ള വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്. ഇത് നാഡികളിലൂടെ സഞ്ചരിച്ച് സുഷുമ്നയിലും തലച്ചോറിലുമെത്തുമ്പോഴാണ് പേവിഷ ബാധയുണ്ടാകുന്നത്. വളരെ സാവധാനമാണ് ഈ നീക്കം. സാധാരണ ഒരു ദിവസം ഒന്നോ രണ്ടോ സെന്റി മീറ്റർ മാത്രമാണ് ഇവയ്ക്ക് സഞ്ചരിക്കാനാകുക. അതുകൊണ്ടു തന്നെ കടിയേറ്റ ഭാഗത്തു നിന്ന് തലച്ചോറിലേക്കെത്തുന്നതിന് മുൻപേ വാക്സീൻ ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. തലച്ചോറിനെ ബാധിച്ച് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പിന്നെ ചികിത്സ ഫലിക്കില്ല. എന്നാൽ കടിക്കുന്നത് തല ഭാഗത്താണെങ്കിൽ വൈറസിന് തലച്ചോറിൽ എത്താൻ കുറഞ്ഞ സമയം മതി. പ്രതിരോധ വാക്സീൻ, ആന്റിബോഡികൾ ഇവ ശരീരത്തിൽ ഏൽക്കുന്നതിനു മുന്നേ പേവിഷം തലച്ചോറിനെ പിടിക്കും. ഇതാണ് വാക്സീൻ എടുത്താലും ചിലർക്ക് പേവിഷ ബാധയുണ്ടാകാൻ കാരണം.
പരമാവധി പട്ടിയുടെ കടിയേൽക്കാതെ സൂക്ഷിക്കുക എന്നതാണ് പരമപ്രധാന കാര്യം. പ്രത്യേകിച്ച് കുട്ടികൾക്ക്.
Deaths from rabies are increasing despite vaccination, what is the reason