
വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട ഫയലുകൾ തടഞ്ഞുവച്ചത് ജോ ബൈഡൻ ഭരണകൂടമാണെന്ന ആരോപണവുമായി വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. ഫോക്സ് ന്യൂസിലെ “സൺഡേ മോണിംഗ് ഫ്യൂച്ചേഴ്സ്” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്‌സ്റ്റൈന് ഡെമോക്രാറ്റുകളുമായി ബന്ധമുള്ളതുകൊണ്ടാണ് ഫയലുകൾ പുറത്തുവിടാത്തതെന്നാണ് വാൻസിന്റെ ആരോപണം.
“ജെഫ്രി എപ്‌സ്റ്റൈന് ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുമായും ശതകോടീശ്വരന്മാരുമായും ധാരാളം ബന്ധങ്ങളുണ്ടായിരുന്നുവെന്ന് നമുക്കറിയാം,” വാൻസ് പറഞ്ഞു. “ഡെമോക്രാറ്റ് ശതകോടീശ്വരന്മാരും രാഷ്ട്രീയ നേതാക്കളും എപ്‌സ്റ്റൈൻ ദ്വീപിൽ സ്ഥിരമായി പോയിരുന്നു. അവർ അവിടെ എന്താണ് ചെയ്തതെന്ന് ആർക്കറിയാം.”
“ഇപ്പോൾ എപ്‌സ്റ്റൈൻ ഫയലുകളിൽ താൽപ്പര്യം കാണിക്കുന്ന ഡെമോക്രാറ്റുകളെ കാണുമ്പോൾ എനിക്ക് ചിരി വരുന്നു,” വാൻസ് കൂട്ടിച്ചേർത്തു. “നാല് വർഷം ജോ ബൈഡനും ഡെമോക്രാറ്റുകളും ഈ വിഷയത്തിൽ യാതൊന്നും ചെയ്തില്ല.”
കൂടുതൽ സുതാര്യത ട്രംപ് ആവശ്യപ്പെട്ടിട്ടും, ഡെമോക്രാറ്റുകൾ അദ്ദേഹത്തെയാണ് ആക്രമിക്കുന്നതെന്നും ബൈഡൻ ഭരണകൂടത്തിനെതിരെയല്ലെന്നും വാൻസ് ആരോപിച്ചു. അതേസമയം, എപ്‌സ്റ്റൈൻ വിവാദം ട്രംപ് ഭരണകൂടത്തിന് ഇപ്പോഴും തലവേദന സൃഷ്ടിക്കുന്നുണ്ട്. തന്റെ പ്രചാരണ വേളയിൽ പുറത്തുവിടുമെന്ന് വാഗ്ദാനം ചെയ്ത ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യം ശക്തമാവുകയാണ്. എപ്‌സ്റ്റൈന്റെയും ഘിസ്‌ലെയിൻ മാക്സ്‌വെല്ലിന്റെയും ഗ്രാൻഡ് ജൂറി മൊഴികൾ പുറത്തുവിടണമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.