
വാഷിംഗ്ടൺ: വാഷിംഗ്ടണിലെ കെന്നഡി സെൻ്ററിൻ്റെ ( ജോൺ എഫ്. കെന്നഡി സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിന്റെ (Kennedy Center)) പേരിൽ ഡോണൾഡ് ട്രംപിന്റെ പേര് ഉൾപ്പെടുത്തിയ നടപടിക്കെതിരെ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജോയ്‌സ് ബീറ്റി കോടതിയിൽ ഹർജി ഫയൽ ചെയ്തു.
കെന്നഡി സെന്റർ ബോർഡ് ട്രംപിന്റെ പേര് കൂടി ചേർത്ത് സെന്ററിനെ “ട്രംപ്-കെന്നഡി സെന്റർ” (Trump-Kennedy Center) എന്ന് പുനർനാമകരണം ചെയ്യാൻ വോട്ട് ചെയ്തിരുന്നു. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ പേര് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഒഹായോയിൽ നിന്നുള്ള പ്രതിനിധിയായ ജോയ്‌സ് ബീറ്റി ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.
കഴിഞ്ഞ ആഴ്ച ട്രംപ് നിയമിച്ച അംഗങ്ങൾ ഉൾപ്പെട്ട ബോർഡ് ഏകകണ്ഠമായി പേര് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ മീറ്റിംഗിൽ താൻ വിയോജിപ്പ് അറിയിക്കാൻ ശ്രമിച്ചെങ്കിലും മൈക്ക് മ്യൂട്ട് ചെയ്ത് തന്നെ തടഞ്ഞുവെന്ന് ജോയ്‌സ് ബീറ്റി പരാതിയിൽ പറയുന്നു. 1964-ലെ നിയമപ്രകാരം സ്ഥാപിതമായ ഈ സ്ഥാപനം അന്തരിച്ച പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ടതാണെന്നും, അതിന്റെ പേര് മാറ്റാൻ അമേരിക്കൻ കോൺഗ്രസിന് മാത്രമേ അധികാരമുള്ളൂ എന്നും ബീറ്റി വാദിക്കുന്നു.
കെന്നഡി കുടുംബാംഗങ്ങളും ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ലിങ്കൺ മെമ്മോറിയലിന്റെ പേര് മാറ്റുന്നത് പോലെ അസാധ്യമായ കാര്യമാണിതെന്ന് ജോ കെന്നഡി III പ്രതികരിച്ചിരുന്നു. നിലവിൽ സെന്ററിന്റെ വെബ്‌സൈറ്റിലും കെട്ടിടത്തിന് പുറത്തും ട്രംപിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെയുള്ള നിയമപോരാട്ടം ഇപ്പോൾ വാഷിംഗ്ടൺ ഡി.സി.യിലെ ഫെഡറൽ കോടതിയിൽ തുടരുകയാണ്.
Democratic congresswoman files lawsuit demanding removal of Trump’s name from Kennedy Center















