
വിര്‍ജിനിയ : ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വിര്‍ജിനിയയില്‍ വിജയകാഹളം മുഴക്കി ഡെമോക്രാറ്റിക് പാര്‍ട്ടി. ഗവര്‍ണര്‍, ലെഫ് ഗവര്‍ണര്‍ സ്ഥാനങ്ങള്‍ പിടിച്ചെടുത്താണ് മുന്നേറ്റം. വിര്‍ജീനിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ മിന്നും വിജയം നേടി.
റിപ്പബ്ലിക്കന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിന്‍സം ഏള്‍-സിയേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്. 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് നിര്‍ണായക വിജയം നല്‍കുകയും വിര്‍ജിനിയയെ നയിക്കുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്ലെന്‍ യങ്കിന് പകരക്കാരിയായാണ് സ്പാന്‍ബെര്‍ഗറിന്റെ വിജയം.
വിര്‍ജീനിയയുടെ ആദ്യ വനിതാ ഗവര്‍ണറായി അബീഗയില്‍ സ്പാന്‍ബര്‍ഗര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലെഫ്. ഗവര്‍ണറായതും വനിത തന്നെ. ഇന്ത്യന്‍ വംശജ ഗസാല ഹാഷ്മിയാണ് ഉജ്ജ്വലവിജയത്തിനുടമ. ഹാഷ്മി 53.4% നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ ജോണ്‍ റീഡ് 44% ആണ് നേടിയത്. അതേസമയം, അറ്റോണി ജനറല്‍ സ്ഥാനത്തേക്കുള്ള കടുത്ത മത്സരത്തില്‍ ഡെമോക്രാറ്റ് ജയ് ജോണ്‍സ് 50% എത്തിയപ്പോള്‍ എതിരാളി റിപ്പബ്ലിക്കന്‍ ജേസണ്‍ മിയര്‍സ് 48 ശതമാനവുമായി പിന്നിലാണ്.
ആരാണ് ഗസാല ഹാഷ്മി
15-ാമത് സെനറ്റോറിയൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന വിർജീനിയ സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ മുസ്ലീവും ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരിയുമാണ് ഹാഷ്മി. ഇരുപത് വർഷത്തോളം റിച്ച്മോണ്ട് റയ്നോൾഡ് കമ്മ്യൂണി കോളജിൽ ലിറ്ററേച്ചർ പ്രഫസറായിരുന്നു ഹഷ്മി. 2019 ൽ അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഒരു അട്ടിമറി വിജയത്തിൽ, റിപ്പബ്ലിക്കൻ കൈവശം വച്ചിരുന്ന ഒരു സംസ്ഥാന സെനറ്റ് സീറ്റ് പിടിച്ചെടുത്താണ് വിർജീനിയ ജനറൽ അസംബ്ലിയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടത്.
1964-ൽ ഹൈദരാബാദിൽ സിയ ഹാഷ്മിക്കും തൻവീർ ഹാഷ്മിക്കും ജനിച്ച ഗസാല തന്റെ ബാല്യകാലം മലക്പേട്ടിലെ തന്റെ അമ്മയുടെ കുടുംബത്തോടൊപ്പമാണ് ചെലവഴിച്ചത്. നാല് വയസ്സുള്ളപ്പോൾ അവർ അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. ജോർജിയയിലാണ് അവർ വളർന്നത്. ഹഷ്മി ജോർജിയ സതേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും അറ്റ്ലാന്റാ എംറോയ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
1991-ൽ, ഹാഷ്മി ഭർത്താവ് അസ്ഹർ റഫീഖിനൊപ്പം റിച്ച്മണ്ടിലേക്ക് താമസം മാറി. ദമ്പതികൾക്ക് യാസ്മിൻ, നൂർ എന്നീ രണ്ട് പെൺമക്കളുണ്ട്.
Democratic Party wins Virginia Governor, Lt. Governor positions









