
കോപ്പൻഹേഗൻ: ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന യുഎസ് പ്രത്യേക പ്രതിനിധിയുടെ പ്രസ്താവനയിൽ ഡെന്മാർക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡിലേക്ക് പ്രത്യേക പ്രതിനിധിയെ നിയമിച്ചതിലും അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങളിലും താൻ അതീവ അസ്വസ്ഥനാണെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസെൻ പറഞ്ഞു.
ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെയാണ് ഗ്രീൻലാൻഡിലെ പ്രത്യേക പ്രതിനിധിയായി ട്രംപ് നിയമിച്ചത്. ഗ്രീൻലാൻഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകണമെന്ന തരത്തിലുള്ള ലാൻഡ്രിയുടെ പ്രസ്താവനകൾ തികച്ചും അസ്വീകാര്യമാണെന്ന് റാസ്മുസെൻ വ്യക്തമാക്കി. ഇതിൽ പ്രതിഷേധം അറിയിക്കാൻ അമേരിക്കൻ അംബാസഡറെ വിളിച്ചുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഗ്രീൻലാൻഡ് വിലയ്ക്ക് വാങ്ങാൻ താൽപ്പര്യമുണ്ടെന്ന് തന്റെ ആദ്യ ഭരണകാലത്തും ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. അന്നും ഡെന്മാർക്ക് ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു.
സ്വയംഭരണാധികാരമുള്ള ഡെന്മാർക്കിന്റെ ഭാഗമാണ് ഗ്രീൻലാൻഡ്. ഈ ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അമേരിക്കയുടെ സൈനിക സുരക്ഷയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഡെന്മാർക്ക് ഈ നീക്കങ്ങളെ കാണുന്നത്.















