അയോവ: യുഎസ് ഇമിഗ്രേഷൻസ് ആൻഡ് കസ്‌റ്റംസ് എൻഫോഴ്സസ്മെന്റ് അയോവയിലെ ഏറ്റവും വലിയ സ്കൂൾ ജില്ലയായ ഡെ മോയിൻസ് പബ്ലിക് സ്‌കൂൾസിന്റെ സൂപ്രണ്ട് ഡോ. ഇയാൻ റോബർട്ട്സിനെ (ICE) കസ്റ്റഡിയിലെടുത്തു. ഫെഡറൽ ഇമിഗ്രേഷൻ ഏജൻ്മാർ നടത്തിയ എൻഫോഴ്സ്മെന്റ് ഓപ്പറേഷനിലാണ് റോബർട്ട്സ് പിടിയിലായതെന്ന് അധികൃതർ സ്‌ഥിരീകരിച്ചു. നിലവിൽ റോബർട്ട്സ് കൗണ്ടി ജയിലിൽ ഐസിഇ കസ്റ്റഡിയിലാണെന്നാണ് വിവരം.
രാജ്യത്ത് ജോലി ചെയ്യാനുള്ള നിയമപരമായ അനുമതിയി റോബർട്ട്സിന് ഇല്ലായിരുന്നെന്നും, 2024 മേയ് മാസത്തിൽ അദ്ദേഹത്തിനെതിരെ ‘ഫൈനൽ ഓർഡർ ഓഫ് റിമൂവൽ (പുറത്താക്കാനുള്ള അന്തിമ ഉത്തരവ്) പുറപ്പെടുവിച്ചിരുന്നുവെന്നും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (DHS) അറിയിച്ചു. ഐസിഇ തടയാൻ ശ്രമിച്ചപ്പോൾ റോബർട്ട്സ് രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് ഒരു വനമേഖലയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും ഡിഎച്ച്എസ് വ്യക്തമാക്കി. റോബർട്ട്സിന്റെ അറസ്‌റ്റ് ചെയ്യുമ്പോൾ കൈവശം തോക്ക്, ഹണ്ടിങ് നൈഫ്, 3,000 ഡോളർ പണം എന്നിവ കണ്ടെടുത്തതായും ഐസിഇ ആരോപിച്ചു. കൂടാതെ റോബർട്ട്സിനെതിരെ 2020 മുതൽ ആയുധങ്ങൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് കേസുകളുണ്ടായിരുന്നതായും ഏജൻസി കൂട്ടിച്ചേർത്തു.
അസോസിയേറ്റ് സൂപ്രണ്ടായ മാറ്റ് സ്മിത്തിനെ സ്‌കൂൾ ബോർഡ് ഉടൻ തന്നെ താത്കാലിക സൂപ്രണ്ടായി നിയമിച്ചു. ഡോ. റോബർട്ട്സിനെ തടഞ്ഞുവച്ചതിന്റെ കാരണം സംബന്ധിച്ചോ ഐസിഇ-ന്റെ അവകാശവാദങ്ങളെക്കുറിച്ചോ തങ്ങൾക്ക് സ്ഥഥിരീകരിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് സ്കൂൾ ബോർഡ് പ്രസിഡന്റ് ജാക്കി നോറിസ് പറഞ്ഞു. റോബർട്ട്സിന്റെ അറസ്റ്റ് കുടിയേറ്റക്കാർക്കിടയിൽ വലിയ ഭയമുണ്ടാക്കിയിട്ടുണ്ടെന്നും വിദ്യാർഥികൾക്ക് വേണ്ടി നിലകൊണ്ട മികച്ച നേതാവായിരുന്നു അദ്ദേഹമെന്നും അധ്യാപക യൂണിയൻ നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.















