
വത്തിക്കാൻ: ഇന്ത്യയുമായും ഇന്ത്യന്‍ ജനതയുമായും ഊഷ്മള ബന്ധം സൂക്ഷിച്ചിട്ടും സന്ദര്‍ശനം നടത്തണം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് പോപ് ഫ്രാൻസിസിന്‍റെ വിയോഗം മഹത്തായ സമ്മാനമെന്നായിരുന്നു ഇന്ത്യ ക്ഷണിച്ചപ്പോൾ മാര്‍പാപ്പ പ്രതികരിച്ചത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇന്ത്യയിലേക്ക് നരേന്ദ്ര മോദി ആദ്യമായി ക്ഷണിച്ചത് പോപ് ഫ്രാൻസിസിനെ ക്ഷണിച്ചത് 2021ലാണ്. വത്തിക്കാനിലെത്തിയ നരേന്ദ്ര മോദിക്ക് മാർപാപ്പ സമ്മാനങ്ങൾ നൽകി. ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചു. ലോകം കൊവിഡിൽ നിന്ന് മെല്ലെ മുക്തമായി വരുന്ന ഘട്ടത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
കൊവിഡ് തളർത്തിയ സാധാരണക്കാരെക്കുറിച്ച് മാർപ്പാപ്പ ഏറെ നേരം സംസാരിച്ചു. ഇന്ത്യയിൽ സൗജന്യ റേഷൻ അടക്കം ജനങ്ങൾക്ക് നൽകുന്നത് പ്രധാനമന്ത്രിയും വിവരിച്ചു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് അന്ന് ഏറെ പ്രതീക്ഷ ഉയർന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ വർഷം ജി 7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയപ്പോഴും നരേന്ദ്ര മോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഈ വർഷത്തെ സഭയുടെ തിരക്കുകൾ കാരണം അടുത്ത വർഷത്തേക്ക് സന്ദർശനം നിശ്ചയിക്കുമെന്നായിരുന്നു വത്തിക്കാനില്‍ നിന്നുള്ള വിവരം.
റോമിലെ പരമ്പരാഗത ചട്ടക്കൂടിന്‍റെ പുറത്തു നിന്ന് സഭാ നേതൃത്വത്തിലെത്തിയ മാർപ്പാപ്പ ഇന്ത്യക്കാരുമായി അടുത്ത ബന്ധമാണ് പുലർത്തി. കർദ്ദിനാൾ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനലബ്ധി അടക്കമുള്ള തീരുമാനങ്ങൾ ഈ സ്നേഹത്തിന്‍റെ വലിയ തെളിവാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്ഥാനാരോഹണത്തിനായി ഇന്ത്യയിൽ നിന്ന് വലിയൊരു പ്രതിനിധി സംഘത്തെ റോമിലേക്ക് അയച്ചിരുന്നു. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പിജെ കുര്യനാണ് നേതൃത്വം നൽകിയത്. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ റോമിൽ നടന്ന സർവ്വമത സമ്മേളനത്തിൽ പങ്കു ചേർന്ന മാർപ്പാപ്പ മനുഷ്യർ ഒന്നാണെന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമാധാനത്തിനായി വാദിച്ചത്.