
അലന്‍ ചെന്നിത്തല
മിഷിഗണ്‍: 1975-ല്‍ സ്ഥാപിതമായ മിഷിഗണിലെ ആദ്യത്തെ ഇന്ത്യന്‍ കലാ സാംസ്‌കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ”കേരളീയം” മിഷിഗണിലെ ഇന്ത്യന്‍ സമൂഹത്തിന് വേറിട്ടൊരനുഭവമായി. അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ക്ലബ്ബിന്റെ ”കേരളീയം” എന്ന മെഗാ ഷോയില്‍ വര്‍ണാഭമായ പരിപാടികളാണ് അരങ്ങേറിയത്. മിഷിഗണിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്തു.

മിഷിഗണിലെ ഇന്ത്യന്‍ സമൂഹത്തോടൊപ്പം ഇന്ത്യാന, ഒഹായോ, കലാമസൂ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഒത്തുചേര്‍ന്നപ്പോള്‍, ഇത് വ്യത്യസ്തമായ ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ സംഗമവേദിയായി മാറി. കേരളത്തിന്റെ കലാ – സാംസ്‌കാരിക പാരമ്പര്യങ്ങളും വിശ്വാസങ്ങളും വിളിച്ചോതുന്ന നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ക്കൊപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. കഥകളി, കളരിപ്പയറ്റ് എന്നിവയോടൊപ്പം കേരളത്തിന്റെ മതമൈത്രി വിളിച്ചോതുന്ന മോഹിനിയാട്ടം, ഒപ്പന, മാര്‍ഗംകളി എന്നിവയും അരങ്ങേറി. കേരളത്തിന്റെ തനത് ചെണ്ടമേളം, മഹാരാഷ്ട്ര ഫോക്ക് ഡാന്‍സ്, തെലുങ്ക് ബത്തുകമ്മ, ധോല്‍-ചെണ്ട ഫ്യൂഷന്‍, ഫ്‌ലാഷ്‌മോബ് എന്നിവ കാണികളില്‍ ആവേശമുണര്‍ത്തി.

സൗത്ത്ഫീല്‍ഡ് പവലിയനില്‍ ഒരുക്കിയ പ്രദര്‍ശനശാലകള്‍ കേരളീയ സംസ്‌കാരത്തിന്റെയും കലയുടെയും വിശ്വാസങ്ങളുടെയും നേര്‍ക്കാഴ്ചയായിരുന്നു. കേരളത്തിന്റെ പ്രകൃതിഭംഗി വിളിച്ചോതുന്ന മനോഹരമായ കട്ടൗട്ടുകള്‍കൊണ്ട് അലങ്കരിച്ച പ്രദര്‍ശനകേന്ദ്രങ്ങള്‍, കേരളത്തില്‍ നേരിട്ടെത്തിയ അനുഭവം കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചു. പ്രശസ്ത ഗായകരായ ഫ്രാങ്കോയും ലക്ഷ്മി നായരും നയിച്ച ബാക്ക് വാട്ടേഴ്‌സ് ബീറ്റ്‌സിന്റെ ഗാനമേള, വര്‍ണാഭമായ ഫാഷന്‍ ഷോ, വെര്‍ച്വല്‍ റിയാലിറ്റി ഷോ എന്നിവയും കേരളീയത്തിന് മാറ്റുകൂട്ടി.

കേരളത്തനിമയുള്ള ഭക്ഷണങ്ങളുടെയും വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപുലമായ ശേഖരവുമായി നിരവധി സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചു. പവലിയനില്‍ ഒരുക്കിയ കേരള ക്ലബ് ചായക്കട, കേരളത്തിലെ നാടന്‍ വിഭവങ്ങളുടേയും ചായക്കടകളുടേയും ഗൃഹാതുരമായ ഓര്‍മ്മകള്‍ ഏവര്‍ക്കും സമ്മാനിച്ചു.

മിഷിഗണിലെ ഇന്ത്യന്‍ സമൂഹത്തിന് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നവ്യാനുഭവം നല്‍കിയ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ”കേരളീയം” വന്‍വിജയമായിരുന്നു.

