
കൊല്ലം : തേവലക്കര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് ഡിജിഇ അന്തിമ റിപ്പോര്‍ട്ട്. സംഭവത്തില്‍ സ്‌കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
മിഥുന്റെ ജീവനെടുത്ത ഇലക്ട്രിക് ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായെന്നും സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ലെന്നും സ്‌കൂളിലെ അനധികൃത നിര്‍മ്മാണമായ താത്ക്കാലിക ഷെഡ് തടയാനും സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അപകടം ക്ഷണിച്ചുവരുത്തിയ വൈദ്യുതി ലൈന്‍ കാലങ്ങളായി താഴ്ന്ന് കിടന്നിട്ടും ആരും ചെറുവിരല്‍ പോലും അനക്കിയില്ലെന്നും ഈ വര്‍ഷം സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കിയത് മതിയായ പരിശോധന ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, നേരത്തെ തന്നെ ലൈന്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, ഇത്തരം അപകടകരമായ വൈദ്യുത ലൈന്‍ മാറ്റാന്‍ കഴിയാത്തത് ജനങ്ങളുടെ എതിര്‍പ്പ് കാരണമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്നു. സംഭവത്തില്‍ ആരാണ് കുറ്റക്കാരെന്ന് പറയാന്‍ പറ്റില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പറഞ്ഞ മന്ത്രി കവര്‍ കണ്ടക്ടറുള്ള വയറിടുന്നത് വലിയ ചിലവാണെന്നും പ്രതികരിച്ചിരുന്നു. അതേസമയം കെ.എസ്.ഇ.ബിക്കും വീഴ്ച ഉണ്ടായിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു.















