
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വീട്ടില്‍വെച്ച് ആക്രമിച്ചതായി സംശയിക്കുന്നയാള്‍ ബാന്ദ്രയില്‍ തന്നെ തുടര്‍ന്നെന്ന് സൂചന. സംഭവത്തിന് ഒരു ദിവസത്തിന് ശേഷം നടന്റെ വീട്ടില്‍ നിന്ന് വളരെ അകലെയല്ലാത്ത ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപമാണ് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ കണ്ടത്. നടനെ ആക്രമിച്ച രാത്രിയിലെ ഒരു ക്ലിപ്പില്‍ ധരിച്ചിരുന്ന കറുത്ത ടീ-ഷര്‍ട്ടിന് പകരം നീല ഷര്‍ട്ട് ധരിച്ചാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ പ്രതിയുള്ളത്.
ആക്രമണത്തിന് ഒരു ദിവസത്തിനുശേഷമുള്ള പുതിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതി ഒരു ബാക്ക്പാക്ക് തോളില്‍ ഇട്ടിട്ടുണ്ട്. ആക്രമണത്തിന് ശേഷം പിറ്റേന്ന് രാവിലെ 8 മണി വരെ പ്രതി ബാന്ദ്രയില്‍ ഉണ്ടായിരുന്നുവെന്നാണ് ഇതോടെ പൊലീസും അനുമാനിക്കുന്നത്.
ബുധനാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരാള്‍ 54 കാരനായ നടനെ ആറ് തവണ കുത്തി. കഴുത്തിലും വയറിലും നട്ടെല്ലിന് സമീപത്തുമായാണ് മുറിവേറ്റത്. സെയ്ഫ് അലി ഖാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്ന് കുടുംബവും ആശുപത്രി അധികൃതരും വ്യക്തമാക്കി.