
പലസ്തീൻ ജനതയ്ക്കായി ഡിജിറ്റൽ സൈലൻസ് ഫോർ ഗാസ ക്യംപെയിനുമായി ലോകം. ഗാസയിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക് ലോകത്തിന്റെ പിന്തുണ അറിയിക്കുന്നതിന് അരമണിക്കൂര്‍ നേരം ഡിജിറ്റല്‍ സ്പേയ്സില്‍ നിന്ന് മാറി നിന്നുകൊണ്ടാണ് ഈ ക്യാംപെയിന്‍ നടക്കുന്നത്. ഇന്ന് (ശനിയാഴ്ച്ച) മുതലാണ് ക്യാംപെയിന് തുടക്കം കുറിക്കുന്നത്. രാത്രി 9 മണിക്ക് തുടക്കമാകുന്ന ക്യാംപയിൻ 30 മിനിട്ട് ഫോൺ ഓഫാക്കിക്കൊണ്ടാണ് ലോകം പ്രതിഷേധം അറിയിക്കുക. ഒരാഴ്ചയാണ് ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴിയാണ് ഡിജിറ്റൽ സൈലൻസ് ഫോർ ഗാസ ക്യംപെയ്ന്‍ നടക്കുന്നത്. ക്യാംപെയ്ന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതാത് പ്രാദേശിക സമയങ്ങളിലെ രാത്രി 9 മണി മുതല്‍ 9.30 വരെയാണ് നടക്കുക. ക്യാംപെയിനിലൂടെ ഒരു ആഗോള ഡിജിറ്റൽ പ്രതിഷേധമാണ് പലസ്തീനികൾക്കായി ലക്ഷ്യമിടുന്നത്. ക്യാംപെയിൻ വിജയകരമാണെങ്കിൽ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ അരമണിക്കൂർ നേരത്തേക്ക് ഡിജിറ്റലി നിശബ്ദരായിരിക്കും. നിലവിൽ എക്‌സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ‘ഡിജിറ്റൽ സൈലൻസ് ഫോർ ഗാസ’ ക്യാംപെയിൻ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും പിന്തുണ നേടുകയും ചെയ്യുന്നുണ്ട്.
ക്യാംപെയിൻ സമയത്ത് ഫോണുകൾ പൂർണമായും ഓഫാക്കി വെക്കുമ്പോൾ സോഷ്യൽ മീഡിയ പ്രവർത്തനരഹിതമാകും. മെസ്സേജുകളോ, പോസ്റ്റുകളോ കമന്റുകളോ ഇല്ലാതെ ഫോണുകൾ വിശ്രമിക്കും. ഇന്ന് രാത്രി 9 മണി മുതൽ 9.30 വരെ ഇക്കാര്യങ്ങൾ നടക്കുകയാണെങ്കിൽ ലോകം മുഴുവനുള്ള ജനങ്ങൾ പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി കണക്കാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സംഘടിത പ്രതിരോധം ട്രാഫിക് സ്റ്റാറ്റിസ്റ്റിക്‌സിനെ സാരമായി ബാധിക്കുമെന്നും ആഗോളതലത്തിൽ തന്നെയുള്ള പ്രതിരോധ പ്രവർത്തനമായി കണക്കാക്കപ്പെടുകയും ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം നടക്കുന്നത് ആളുകൾ അത് ഉപയോഗിക്കുകയും, പോസ്റ്റുകൾ ഇടുകയും, കാണുകയുമൊക്കെ ചെയ്യുന്നതിനാലാണ്. എന്നാൽ അര മണിക്കൂർ ലോകത്തെ കോടിക്കണക്കിന് ആളുകൾ ഒരേസമയം പിന്മാറുന്നതിലൂടെ കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുകയും ലോകത്തിന് മുന്നില്‍ ഗാസയ്ക്ക് വേണ്ടിയുള്ള ശബ്ദം മനസിലാക്കിപ്പിക്കാനുമാണ് ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്.
‘നമുക്ക് ചെയ്യാനാവുന്നതിന്റെ ഏറ്റവും ചെറിയ തരത്തിലുള്ള പ്രതിഷേധമാണ് ഇത്. ഇന്റർനെറ്റോ, സിഗ്നലോ, ശബ്ദമോ ഒന്നുമില്ലാതെ തടവറയ്ക്കപ്പുറം മറ്റൊരു ലോകമില്ലാത്ത മനുഷ്യർക്കായി.. നമ്മുടെ ഫോണുകളിൽ ഇന്ന് രാത്രി 9 മണിയോടെ അലാറം സെറ്റ് ചെയ്ത് വെക്കാം. അര മണിക്കൂർ അവർക്കായി മാറ്റിവെക്കാമെന്ന് കാംപെയിന് ആഹ്വാനം ചെയ്തുകൊണ്ട് ഗസയിൽ നിന്നുള്ള മെഡിക്കൽ ഡോക്ടർ എസ്സീദീൻ എഴുതി. നിരവധി പ്രമുഖരാണ് ക്യാംപെയ്ന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. അധിനിവേശ ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ നമുക്കും എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന സന്ദേശം നൽകേണ്ടതുണ്ട് എന്നാണ് പ്രതിരോധത്തെക്കുറിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞത്.