
മാർട്ടിൻ വിലങ്ങോലിൽ
കൊപ്പെൽ, ടെക്സസ്: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷൻ ലീഗിന്റെ (CML) മൂന്നാമത് രൂപതാതല സമ്മേളനം ഒക്ടോബർ 4-ന് കൊപ്പെൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ പ്രൗഢഗംഭീരമായി നടന്നു.
രൂപതയിലെ യുവജനങ്ങളുടെ മിഷൻ തീക്ഷ്ണതയും ആത്മീയ പ്രതിബദ്ധതയും പ്രകടമാക്കിയ മഹത്തായ സംഗമമായി ഈ സമ്മേളനം.

ആയിരത്തോളം മിഷനറിമാരുടെ ആത്മീയ സംഗമം: ടെക്സസ്–ഒക്ലഹോമ റീജിയണിലെയും മറ്റു പള്ളികളിലെയും ഏകദേശം 1000-ഓളം ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സെമിനാറുകൾ, ക്ലാസുകൾ, ആത്മീയ പരിപാടികൾ എന്നിവ ഉൾപ്പെടുത്തി യുവമിഷനറിമാർക്ക് ആത്മീയ നവീകരണത്തിനും മിഷൻ പ്രതിബദ്ധതയ്ക്കും പ്രചോദനമായിരുന്നു ഈ ദിനം.
രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മിഷൻ ലീഗ് പതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. എമരിറ്റസ് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, സി.എം.ൽ ഡയറക്ടറും, മതബോധന ഡയറക്ടറുമായ റവ. ഡോ. ജോർജ് ദാനവേലിൽ, ഫാ. ജെയിംസ് പുന്നപ്ലാക്കൽ (സിഎംഎൽ ഇന്റർനാഷണൽ ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ. (ജോയിന്റ് ഡയറക്ടർ), ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഫാ. ഡായി കുന്നത്ത് എംഎസ്ടി (ബാലജനസഖ്യം ഡയറക്ടർ), ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊച്ചീറ്റത്തോട്ട് (എംഎസ്ടി), സിജോയ് സിറിയക് (പ്രസിഡന്റ‍്), ടിസൺ തോമസ് (സെക്രട്ടറി), ആൻ ടോമി (റീജണൽ എക്സിക്യൂട്ടീവ് അംഗം) റോസ്മേരി ആലപ്പാട്ട് (സെന്റ് അൽഫോൻസാ CML ഓർഗനൈസർ), തുടങ്ങിവർ സന്നിഹിതരായി. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാർ മുഖ്യ കാർമ്മികരായി ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചു.

സമ്മേളനത്തിന്റെ ‘ഹൈലൈറ്റ്’ ആയി പ്രേഷിത റാലി:- രൂപതയിലെ ആയിരകണക്കിന് കുരുന്നു മിഷനറിമാർക്കൊപ്പം, വിശ്വാസികളും, സന്യസ്തസമൂഹവും പങ്കെടുത്ത ആവേശപൂർണ്ണവും വർണ്ണശബളമായ “മിഷനറി റാലി” അൽഫോൻസാ നഗരിയെ വിശ്വാസ തീക്ഷണതയാൽ പ്രകമ്പനം കൊള്ളിപ്പിച്ചിച്ചു. സംഗീതം, പ്രാർഥന, ആത്മീയ ഉണർവ്, യുവജന ആവേശം എന്നിവ നിറഞ്ഞ ഈ റാലി പങ്കെടുക്കുത്തവരിൽ പ്രേഷിത ആത്മീയതയുടെ പുതിയ തിരയൊരുക്കി.
പ്രേഷിത റാലിക്ക് ശേഷം അല്ഫോൻസാ ഹാളിൽ നടന്ന പൊതു സമ്മേളനം നടന്നു. സമ്മേളന പരിപാടികളിൽ ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ആൻ ടോമി , റോസ്മേരി ആലപ്പാട്ട് (CML ഇടവക ഓർഗനൈസേഴ്സ്) എന്നിവർ അതിഥികളെയും വിശ്വാസികളേയും ഇടവകയിലേക്കു സ്വാഗതം ചെയ്തു.
മിഷലീഗ് അംഗങ്ങളുടെ പ്രാർത്ഥനാഗീതത്തിനു ശേഷം രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് തിരിതെളിച്ചു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ മാർ. ജോയ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. മാർ. അങ്ങാടിയത്ത്, റവ. ഡോ. ജോർജ് ദാനവേലിൽ , ഫാ. ജെയിംസ് പുന്നപ്ലാക്കൽ (CML ഇന്റർനാഷണൽ ഡയറക്ടർ), ഫാ. ബിൻസ് ചേത്തലിൽ (CML അസിസ്റ്റന്റ് ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ , ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, സിജോയ് സിറിയക്, മിസ്. ലിലിയൻ സംഗീത്, തുടങ്ങിയവർ ആശംസകൾ നേർന്നു.
റവ. ഡോ. ജോർജ് ദാനവേലിൽ മുഖ്യ പ്രഭാഷണത്തിൽ യുവജനങ്ങളെ മിഷൻ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിച്ചു. സമ്മേളന വേളയിൽ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയും ആദരിക്കപ്പെട്ടു. മാർ. അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണം നൽകി.
മിഷൻ ലീഗ് ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ബിൻസ് ചേത്താലിൽ നന്ദി പ്രകാശിപ്പിച്ചു. മാർ ജോയ് ആലപ്പാട്ട് സമാപന പ്രാർത്ഥനയും നൽകി. ഇടവക കോർഡിനേറ്റേറേഴ്സ് ആൻ ടോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ എംസിയായി പരിപാടികൾ നിയന്ത്രിച്ചു.

മിഷൻലീഗ് ആഭുമിഖ്യത്തിൽ ഷംഷാബാദ് രൂപതക്കൊരു പുതിയ ദേവാലയ നിർമ്മാണ പദ്ധതി:– ഷംഷാബാദ് രൂപതയ്ക്കായി പുതിയ ദേവാലയ നിർമ്മാണ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും സമ്മേളന വേളയിൽ നടന്നു. രൂപതയിലെ കുഞ്ഞു മിഷനറിമാർ ഏക മനസ്സോടെ ഏറ്റെടുത്ത ഈ മഹത്തായ പദ്ധതിയുടെ ധനസമാഹരണത്തിനായി ഓരോ ഇടവകകളിളെയും യൂണിറ്റ് അംഗങ്ങൾ സമ്മേളനത്തിൽ തുക കൈമാറിയത് ശ്രദ്ധേയമായി.
വിജയകരമായ സമാപനം:- കൊപ്പേൽ ഇടവക യുവജന ഗായക സംഘം ആലപിച്ച മിഷൻ ആന്തത്തോടെ സംഗീതസൗന്ദര്യത്തോടെയും ആത്മീയ ഉണർവോടെയും സമ്മേളനത്തിനു സമാപനമായി.
മിഷൻ ലീഗിന്റെ മൂല്യങ്ങൾ ഉയർത്തിയും യുവമിഷനറിമാരുടെ പ്രതിബദ്ധത ഉറപ്പിച്ചും മിഷൻ പ്രേഷിതപ്രവർത്തനങ്ങളുടെ തീക്ഷ്ണത വർദ്ധിപ്പിച്ചും ഈ മൂന്നാമത് രൂപതാതല സമ്മേളനം ചരിത്രം കുറിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ആൻ ടോമി, റോസ്മേരി ആലപ്പാട്ട്, എന്നിവരുടെ നേതൃത്വത്തിൽ ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി), വിവിധ സബ് കമ്മറ്റികൾ, ഇടവക വോളണ്ടിയേഴ്സ് തുടങ്ങിയവർ സമ്മേളനത്തിന്റെ വിജയത്തിനു ചുക്കാൻ പിടിച്ചു.