
ജൂതവിരുദ്ധതയെ ചെറുക്കാൻ ഫ്രാൻസ് വേണ്ടത്ര കാര്യങ്ങൾ ചെയ്തില്ലെന്ന് ആരോപിച്ച് ട്രംപിൻ്റെ മരുമകൻ ജരാദ് കുഷ്നറുടെ പിതാവും അമേരിക്കൻ അംബാസഡറുമായ ചാൾസ് കുഷ്നർ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കത്തെഴുതിയതിനെത്തുടർന്ന് ഫ്രാൻസ് അദ്ദേഹത്തെ വിളിച്ചുവരുത്തി എതിർപ്പ് അറിയിച്ചു. പലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി പരിഗണിക്കണമെന്ന ഫ്രാൻസിൻ്റെ നിലപാടിനോട് ഇസ്രയേലും യുഎസും യോജിക്കാത്ത സാഹചര്യം നിലനിൽക്കെയാണ് കത്ത് വിവാദമാകുന്നത്.
കുഷ്നറുടെ ആരോപണങ്ങൾ സ്വീകാര്യമല്ല എന്നും ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. വൈറ്റ് ഹൗസും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അഭിപ്രായം തേടിയുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകാതെ ഫ്രാൻസ് ഭരണകൂടം അംബാസഡറെ വിളിച്ചുവരുത്തിയത് ഔദ്യോഗികവും പരസ്യവുമായ അതൃപ്തി അറിയിക്കാനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
കുഷ്നറുടെ ആരോപണങ്ങൾ ഫ്രാൻസ് ശക്തമായി നിരസിക്കുന്നു എന്നും 2023 ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം വർദ്ധിച്ചുവരുന്ന ഇസ്രയേൽ വിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കാൻ ഫ്രാൻസ് പൂർണ്ണമായി അണിനിരന്നിട്ടുണ്ടെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.കുഷ്നറുടെ ആരോപണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെയും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന മര്യാദയേയും ലംഘിക്കുന്നുവെന്ന് ഫ്രഞ്ച് മന്ത്രാലയം പറഞ്ഞു.
നികുതി വെട്ടിപ്പ്, നിയമവിരുദ്ധമായ പ്രചാരണ സംഭാവനകൾ എന്നിവയ്ക്ക് കുറ്റാരോപിതനായ ചാൾസ് കുഷ്നറെ ട്രംപ് തൻ്റെ ആദ്യ ഭരണ കാലത്ത് മാപ്പ് നൽകി രക്ഷിച്ചെടുത്തിരുന്നു . ട്രംപിന്റെ മൂത്ത മകൾ ഇവാങ്കയെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ മകൻ ജാരെഡ് കുഷ്നറാണ്. ട്രംപിൻ്റെ മറ്റൊരു മകൾ ടിഫാനിയുടെ ഭർതൃ പിതാവിനും ട്രംപ് ഗൾഫിലെ അംബാസഡർ പദവി നൽകിയിട്ടുണ്ട്.