‘മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ബീഭത്സ വൈകൃതം’, രാഹുലിനെ ഉടൻ പിടികൂടും, സംരക്ഷിക്കുന്നവർ പിന്മാറണം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ആരോപണങ്ങൾ “മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ബീഭത്സ വൈകൃതങ്ങൾ” ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കൃത്യമായ ലൈംഗിക വൈകൃതക്കാരന്റെ പെരുമാറ്റമാണ് കാണിച്ചത്. ഇതൊക്കെ ഒരു പൊതുപ്രവർത്തകന് ചേരുന്നതാണോ?” എന്ന് ചോദിച്ച മുഖ്യമന്ത്രി, കോൺഗ്രസ് നേതൃത്വം രാഹുലിനെ “ഭാവിയിലെ നിക്ഷേപം” എന്ന് വിശേഷിപ്പിച്ച് സംരക്ഷിച്ചുവെന്നും രൂക്ഷ വിമർശനവും ഉന്നയിച്ചു.

പോലീസ് ഫലപ്രദമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ചിലർ ബോധപൂർവം രാഹുലിന് സംരക്ഷണ വലയം ഒരുക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. “രാഹുൽ പോയ സ്ഥലങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് സംരക്ഷണം നൽകുന്നവർ ഇനിയെങ്കിലും പിന്മാറണം. പ്രതിയെ പോലീസ് ഉടൻ പിടികൂടും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.

“ആദ്യ ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ കോൺഗ്രസ് നേതൃത്വം വിവരം അറിഞ്ഞിരുന്നു. എന്നിട്ടും ഇയാളെ മാറ്റിനിർത്താതെ ‘ഭാവിനിക്ഷേപം’ എന്ന് വിളിച്ച് പരിചയപ്പെടുത്തി. മഹത്തായ പാരമ്പര്യമുള്ള പാർട്ടിയാണോ ഇങ്ങനെ ചെയ്യേണ്ടത്?” എന്ന് ചോദിച്ച മുഖ്യമന്ത്രി, പരാതിയിൽ പറയുന്ന “ഒരാൾ എത്തിച്ചുകൊടുത്തു” എന്ന വാക്കിന്റെ ഗൗരവവും എടുത്തുകാട്ടി. “ആളെ എത്തിച്ചുകൊടുക്കലാണോ രാഷ്ട്രീയ പ്രവർത്തനം?” എന്നും അദ്ദേഹം ചോദിച്ചു.

രാഹുലിനെ വിമർശിക്കുന്നവർക്കെതിരെ “വെട്ടുക്കിളി”കൾ അസഭ്യവർഷം നടത്തുന്നതും നേതൃത്വം സ്വയം പരിശോധിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേസിൽ ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നിട്ടും കോൺഗ്രസ് നേതൃത്വം ഇതുവരെ ശരിയായ നിലപാട് സ്വീകരിക്കാത്തതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

More Stories from this section

family-dental
witywide