അത് ചെയ്യരുത് മസ്കേ… വലിയ തെറ്റായിരിക്കും; ട്രംപിനോട് ഇടഞ്ഞ ശതകോടീശ്വരന് വാൻസിന്‍റെ മുന്നറിയിപ്പ്, ‘പുതിയ പാര്‍ട്ടി രൂപീകരിക്കരുത്’

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് വേർപിരിയരുതെന്ന് ഇലോൺ മസ്കിന് മുന്നറിയിപ്പ് നൽകി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ബില്യണയറുടെ നീക്കം വലിയൊരു തെറ്റായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഫോക്സ് ന്യൂസിന്റെ “ദ ഇൻഗ്രഹാം ആംഗിൾ” എന്ന പരിപാടിയിൽ സംസാരിക്കവെ, മസ്കുമായി 2028-ലെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് താൻ സംസാരിച്ചുവെന്ന വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് വാൻസ്‌ തള്ളി. “ആ വാർത്ത പൂർണ്ണമായും വ്യാജമാണ്,” അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള മസ്കിന്റെ നീക്കത്തെക്കുറിച്ച് വാൻസ്‌ ശക്തമായ നിലപാടെടുത്തു. “അതൊരു വലിയ തെറ്റായിരിക്കും,” വാൻസ്‌ മുന്നറിയിപ്പ് നൽകി. “നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തീവ്ര ഇടതുപക്ഷം നിങ്ങളെ ഇപ്പോൾ അമേരിക്കൻ വലതുപക്ഷത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഒരുപോലെ മസ്കിനെ ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന ധാരണ യാഥാർത്ഥ്യമല്ല, അത് സംഭവിക്കാൻ പോകുന്നില്ല.”

റിപ്പബ്ലിക്കൻ പാർട്ടിയെ ഭിന്നിപ്പിക്കുന്നതിന് പകരം അതിനെ പുനരുജ്ജീവിപ്പിക്കാൻ മസ്ക് തന്റെ സ്വാധീനം ഉപയോഗിക്കണമെന്ന് വാൻസ്‌ ആവശ്യപ്പെട്ടു. “റിപ്പബ്ലിക്കൻ പാർട്ടി ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കിൽ, പാർട്ടിക്ക് ഒരുപാട് മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് സാധിക്കും. പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയോട് കൂറുപുലർത്തിയാൽ അദ്ദേഹത്തിന് കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും,” വാൻസ്‌ പറഞ്ഞു. പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയെന്ന് ജൂലൈയിൽ ഇലോൺ മസ്ക് പറഞ്ഞിരുന്നു. എന്നാൽ, അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം നൽകിയിട്ടില്ല.

More Stories from this section

family-dental
witywide