
വാഷിംഗ്ടൺ: കുടിയേറ്റക്കാരെ എൽ സാൽവഡോറിലെ ഒരു മെഗാ ജയിലിലേക്ക് കൊണ്ടുപോകുന്ന നാടുകടത്തൽ വിമാനങ്ങൾ മുന്നോട്ട് പോകാൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി തീരുമാനമെടുത്തത് ക്രിസ്റ്റി നോം എന്ന് വെളിപ്പെടുത്തൽ. നീതിന്യായ വകുപ്പ് സമര്‍പ്പിച്ച പുതിയ കോടതി രേഖയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഒരു ഫെഡറൽ ജഡ്ജിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു ഈ തീരുമാനം. ട്രംപ് ഭരണകൂടത്തിലെ ഏത് ഉദ്യോഗസ്ഥരാണ് തന്‍റെ ഉത്തരവുകൾ ലംഘിച്ചതെന്ന് കണ്ടെത്താൻ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജെയിംസ് ബോസ്ബെർഗ് കഴിഞ്ഞ ആഴ്ച ക്രിമിനൽ കോടതിയലക്ഷ്യ അന്വേഷണം പുനരാരംഭിച്ചതിന് പിന്നാലെയാണ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
വെനസ്വേലൻ സംഘത്തിലെ അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്നവരെ നാടുകടത്താൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ‘ഏലിയൻ എനിമീസ് ആക്റ്റ്’ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ഈ കേസ്. കുടിയേറ്റക്കാരെ എൽ സാൽവഡോറിലെ കുപ്രസിദ്ധമായ ജയിലിലേക്ക് കൊണ്ടുപോകാൻ മാർച്ചിൽ നോം നിർദ്ദേശം നൽകിയതായി ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് കോടതിയിൽ സമ്മതിച്ചു.
നോമിന്‍റെ ഈ തീരുമാനം കാരണം കുടിയേറ്റക്കാർക്ക് എൽ സാൽവഡോറിലെ ജയിലിൽ മാസങ്ങളോളം കഴിയേണ്ടിവന്നു. ഇവിടെ വെച്ച് ഇവർ പീഡനത്തിനും മറ്റ് അതിക്രമങ്ങൾക്കും ഇരയായതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു. ട്രംപ് വൈറ്റ് ഹൗസിന്‍റെ ചരിത്രപരമായ നാടുകടത്തൽ കാമ്പയിനിലെ ഒരു പ്രധാന നിയമപരവും രാഷ്ട്രീയവുമായ വിഷയമാണ് ഈ കേസ്. “കോടതിയുടെ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് യുണൈറ്റഡ് സ്റ്റേറ്റ്സ് വിട്ടുപോയ വിമാനങ്ങളെക്കുറിച്ച് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയും പ്രിൻസിപ്പൽ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോർണി ജനറൽ എമിൽ ബോവും ഡിഎച്ച്എസിന് നിയമോപദേശം നൽകിയിരുന്നു,” സർക്കാർ കോടതി രേഖയിൽ പറഞ്ഞു. “ആ നിയമോപദേശം ലഭിച്ച ശേഷം, കോടതിയുടെ ഉത്തരവിന് മുമ്പ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് നീക്കം ചെയ്യപ്പെട്ട എഇഎ തടവുകാരെ എൽ സാൽവഡോറിൻ്റെ കസ്റ്റഡിയിലേക്ക് മാറ്റാൻ സെക്രട്ടറി നോം നിർദ്ദേശം നൽകി.”














