ട്രംപിനെ സംരക്ഷിച്ചും ന്യായീകരിച്ചും നീതിന്യായ വകുപ്പ്, എപ്‌സ്റ്റൈൻ ഫയലുകളുടെ 30,000 പേജുകൾ കൂടി പുറത്ത്; പ്രസിഡൻ്റിനെതിരെയുള്ള ആരോപണങ്ങൾ തള്ളി

വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട മുപ്പതിനായിരത്തോളം പേജുകൾ വരുന്ന പുതിയ രേഖകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ഈ രേഖകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ‘അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ’ ആരോപണങ്ങൾ ഉണ്ടെന്ന് വകുപ്പ് പ്രത്യേകം വ്യക്തമാക്കി.

2020-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഫ്‌ബിഐയ്ക്ക് ലഭിച്ച ചില പരാതികൾ ഈ ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവ വെറും കെട്ടിച്ചമച്ച കഥകളാണെന്നും ഇതിൽ യാതൊരു സത്യവുമില്ലെന്നും നീതിന്യായ വകുപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അറിയിച്ചു.
ഈ ആരോപണങ്ങളിൽ അല്പമെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ അവ ഇതിനോടകം ട്രംപിനെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുമായിരുന്നുവെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. ഏത് ആരോപണമാണ് തെറ്റെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, സുതാര്യത ഉറപ്പാക്കാനാണ് ഇവ പുറത്തുവിടുന്നതെന്ന് അവർ പറഞ്ഞു.

കഴിഞ്ഞ മാസം അമേരിക്കൻ കോൺഗ്രസ് പാസാക്കിയ ‘എപ്‌സ്റ്റൈൻ ഫയൽസ് ട്രാൻസ്പേരൻസി ആക്ട്’ പ്രകാരമാണ് ഈ രേഖകൾ പരസ്യപ്പെടുത്താൻ നീതിന്യായ വകുപ്പ് നിർബന്ധിതരായത്. രേഖകൾ പുറത്തുവിടുന്നതിൽ നീതിന്യായ വകുപ്പ് കാണിക്കുന്ന കാലതാമസവും അമിതമായ തിരുത്തലുകളും വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. വെള്ളിയാഴ്ച പുറത്തുവിട്ട ആദ്യഘട്ട രേഖകളിൽ പലതും അവ്യക്തമാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചിരുന്നു. എന്നാൽ രേഖകളുടെ വലിപ്പവും ഇരകളുടെ സ്വകാര്യത സംരക്ഷിക്കേണ്ടി വരുന്നതുമാണ് തിരുത്തലുകൾക്ക് കാരണമെന്നാണ് വകുപ്പിന്റെ വിശദീകരണം. ഇനിയും ആയിരക്കണക്കിന് പേജുകൾ വരും ദിവസങ്ങളിൽ പുറത്തുവിടാനുണ്ട്.

More Stories from this section

family-dental
witywide