സാക്ഷാൽ ട്രംപ് തൊട്ടടുത്ത്! യുഎസ് പ്രസിഡന്‍റിന്‍റെ എക്സ്പ്രഷൻ അതേപടി അനുകരിച്ചത് നെതർലൻഡ്‌സിന്‍റെ ക്യൂൻ മാക്സിമ, വീഡിയോ വൈറൽ

ഹേഗ്: ഡോണൾഡ് ട്രംപിന്‍റെ തൊട്ടടുത്ത് നിന്ന് യുഎസ് പ്രസിഡന്‍റിനെ അനുകരിക്കുന്ന നെതർലൻഡ്‌സിന്‍റെ ക്യൂൻ മാക്സിമയുടെ വീഡിയോ വൈറൽ. രാജ്ഞി ട്രംപിന്‍റെ മുഖഭാവങ്ങൾ അദ്ദേഹത്തിന്‍റെ തൊട്ടടുത്ത് നിന്നുകൊണ്ട് അനുകരിക്കുന്നത് ഈ വീഡിയോയിൽ കാണാം. നാറ്റോ ഉച്ചകോടിക്കായി ട്രംപ് നെതർലൻഡ്‌സിൽ നടത്തിയ ഹ്രസ്വ സന്ദർശനത്തിനിടെയാണ് ഈ സംഭവം. ട്രംപ് 24 മണിക്കൂറിൽ താഴെ മാത്രമാണ് അവിടെ ചിലവഴിച്ചത്. ഒരു ഹോട്ടലിൽ താമസിക്കുന്നതിന് പകരം ഡച്ച് രാജകീയ വസതിയായ ഹ്യൂസ് ടെൻ ബോഷ് പാലസിലാണ് ട്രംപിന് ആതിഥേയത്വം ലഭിച്ചത്.

ട്രംപ് രാജ്ഞി മാക്സിമയുമായും കിംഗ് വില്ലെം-അലക്സാണ്ടറുമായും തന്‍റെ താമസത്തെക്കുറിച്ച് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ‘നിങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിഞ്ഞെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന് രാജാവ് പറയുമ്പോൾ, ട്രംപ് മറുപടിയായി, ‘അത് ഗംഭീര വീടായിരുന്നു’ എന്ന് പറഞ്ഞതിന് ശേഷം ക്യാമറകളിലേക്ക് നോക്കി പുഞ്ചിരിക്കുന്നുണ്ട്. നിമിഷങ്ങൾക്കകം, രാജ്ഞി മാക്സിമ തിരിയുകയും അദ്ദേഹത്തിന്‍റെ ഭാവം അനുകരിക്കുകയും ചെയ്യുന്നതായാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ അതിവേഗം ശ്രദ്ധ നേടുകയും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയും ചെയ്തു.