ട്രംപ് എഫക്ടിൽ പണി കിട്ടുന്നവരിൽ മോഹൻലാലും മമ്മൂട്ടിയും മുതൽ രജനികാന്തും വിജയ്‍യും വരെ; വമ്പൻ നഷ്ടമുണ്ടാകും

വാഷിംഗ്ടൺ: വിദേശത്ത് നിര്‍മിച്ച് അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം തീരുവ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ നീക്കം ഇന്ത്യൻ സിനിമയ്ക്കും വൻ തിരിച്ചടയാണ് ഉണ്ടാക്കുന്നത്. ഇന്ത്യന്‍ സിനിമ രംഗം ഇപ്പോള്‍ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ച് അല്ല സിനിമ പ്രൊഡക്ഷന്‍ നടത്തുന്നത്. ഓവര്‍സീസ് ബോക്സോഫീസ് ഇപ്പോള്‍ ചിത്രങ്ങളുടെ പ്രധാനഘടകമാണ്. ഇന്ത്യന്‍ സിനിമകളുടെ പ്രധാനപ്പെട്ട ഓവര്‍സീസ് മാര്‍ക്കറ്റ് ഗള്‍ഫും, യുഎസ്, കാനഡ വിപണിയുമാണ്. ഇതില്‍ യുഎസ്, കാനഡ ബോക്സോഫീസിനെ ഇന്ത്യന്‍ സിനിമ രംഗം പൊതുവില്‍ നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസ് എന്നാണ് വിളിക്കാറ്. ഇതില്‍ തന്നെ യുഎസിലാണ് ഇന്ത്യന്‍ സിനിമയ്ക്ക് കൂടുതല്‍ സ്ക്രീന്‍ ലഭിക്കാറുള്ളത്.

അടുത്തിടെ വന്‍ ഹിറ്റായ എല്ലാ ചിത്രങ്ങളും, ആനിമല്‍, പുഷ്പ 2, എമ്പുരാന്‍ എല്ലാം വിദേശ കളക്ഷനിലും മികവ് കാട്ടിയതിനാല്‍ ബോക്സോഫീസ് റെക്കോ‍ഡുകള്‍ തകര്‍ത്തവയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ഇപ്പോള്‍ വലിയ രീതിയിലാണ് വിദേശത്ത് മികവ് കാട്ടുന്നത്. ഇതില്‍ വലിയൊരു സംഖ്യ യുഎസില്‍ നിന്നും ലഭിക്കുന്നുണ്ട്. അതിനാല്‍ ഇപ്പോഴത്തെ നയം വലിയ തിരിച്ചടിയായിരിക്കും ഇന്ത്യൻ സിനിമയ്ക്ക് ഉണ്ടാക്കുക. വിജയ് നായകനായ ലിയോ വലിയ തോതില്‍ യുഎസില്‍ കളക്ഷന്‍ നേടിയിരുന്നു. രജനികാന്ത് ചിത്രങ്ങള്‍ക്കും അവിടെ സ്ഥിരം കാഴ്ചക്കാരുണ്ട്.

വലിയൊരു മലയാളി ജനവിഭാഗം ഉള്ള രാജ്യമാണ് യുഎസ്. അതിനാല്‍ തന്നെ പല വന്‍ മലയാള ചിത്രങ്ങളും മികച്ച തുകയ്ക്ക് യുഎസില്‍ വിതരണത്തിന് പോയിട്ടുണ്ട്. അടുത്തകാലത്ത് കോടികള്‍ തന്നെ അവിടെ നിന്ന് കളക്ഷനും വന്നിട്ടുണ്ട്. ഗള്‍ഫ് കഴിഞ്ഞാല്‍ മലയാള സിനിമയുടെ വലിയ വിപണി യുഎസ് ആണ്. അതിനാല്‍ അവിടെ ലഭിക്കുന്ന ഏത് തിരിച്ചടിയും മലയാള സിനിമ രംഗത്തേയും ബാധിക്കും.