പദവിയൊന്നും ഇല്ല, പക്ഷേ ട്രംപിന്‍റെ മരുമകൻ ജാറെഡ് കുഷ്നർ സുപ്രധാന ദൗത്യങ്ങളിലെ മുഖ്യ കണ്ണി; സമാധാന ചർച്ചകളിൽ നിർണ്ണായക പങ്കെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഔദ്യോഗിക പദവികളിൽ നിന്ന് വിട്ടുനിന്നിരുന്ന മരുമകൻ ജാറെഡ് കുഷ്നർ വീണ്ടും അമേരിക്കൻ വിദേശനയതന്ത്രത്തിന്റെ മുൻനിരയിലേക്ക് തിരിച്ചെത്തുന്നു. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അതീവ സങ്കീർണ്ണമായ സമാധാന ചർച്ചകളിൽ കുഷ്നർ ഇപ്പോൾ സജീവമായ പങ്കുവഹിക്കുന്നതായാണ് വൈറ്റ് ഹൗസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. ആദ്യ ഭരണകാലത്ത് അബ്രഹാം ഉടമ്പടി ഉൾപ്പെടെയുള്ള നിർണ്ണായക നയതന്ത്ര നീക്കങ്ങൾക്ക് നേതൃത്വം നൽകിയ കുഷ്നർ, രണ്ടാം ഊഴത്തിൽ സ്വന്തം ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ, യുക്രൈൻ വിഷയത്തിൽ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിന്റെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ കുഷ്നറുടെ പരിചയസമ്പത്ത് ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഈ മാറ്റം. കഴിഞ്ഞ ഞായറാഴ്ച ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന നിർണ്ണായക ചർച്ചകളിൽ കുഷ്നർ നേരിട്ട് പങ്കെടുത്തു. റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രീവുമായി വിറ്റ്‌കോഫും കുഷ്നറും ചേർന്ന് യുക്രൈൻ സമാധാന പദ്ധതിയെക്കുറിച്ച് ദീർഘനേരം സംസാരിച്ചു.
റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ വിറ്റ്‌കോഫിന് സർക്കാർ തലത്തിലുള്ള ചർച്ചകളിൽ മുൻപരിചയം കുറവാണ്. എന്നാൽ സങ്കീർണ്ണമായ നയതന്ത്ര വിഷയങ്ങളിൽ കുഷ്നർക്കുള്ള വൈദഗ്ധ്യം വിറ്റ്‌കോഫിന്റെ ചർച്ചാ ശൈലിയെ സഹായിക്കുമെന്ന് ട്രംപിന്റെ വിശ്വസ്തർ കരുതുന്നു.

യുക്രൈൻ വിഷയത്തിന് പുറമെ, ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും പുനർനിർമ്മാണത്തിനുമായി ‘പ്രോജക്ട് സൺറൈസ്’ എന്ന പേരിൽ 112 ബില്യൺ ഡോളറിന്റെ വികസന പദ്ധതി കുഷ്നർ തയ്യാറാക്കിയതായും വാർത്തകളുണ്ട്. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം നടപ്പിലാക്കാൻ കുഷ്നറുടെ ഇടപെടലുകൾ അത്യന്താപേക്ഷിതമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താക്കളും ശരിവെക്കുന്നു. ഔദ്യോഗികമായി ഒരു പദവിയും കുഷ്നർ സ്വീകരിച്ചിട്ടില്ലെങ്കിലും, ട്രംപിന്റെ ഏറ്റവും വിശ്വസ്തനായ ഉപദേശകനായി അദ്ദേഹം വീണ്ടും മാറിയിരിക്കുകയാണ്. കുഷ്നറുടെ മടങ്ങിവരവ് ആഗോള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും യൂറോപ്പിലും വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide