അങ്ങോട്ട് പോകാന്‍ പറ്റില്ല, ചൈന ഇങ്ങോട്ട് വരണം, വ്യാപാര കരാറിന് ഡോണള്‍ഡ് ട്രംപിന് തുറന്ന മനസാണ് !

വാഷിങ്ടന്‍ : പകരംതീരുവയുമായി ലോകത്തെ കുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ചൈനയുമായി വ്യാപാര കരാറിന് താത്പര്യമുണ്ടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്. ചൈനയുമായി വ്യാപാര കരാറിന് ട്രംപിന് തുറന്ന മനസാണെന്നും എന്നാല്‍ ചൈനയാണ് അതിനുള്ള ആദ്യ നീക്കം നടത്തേണ്ടതെന്നും ‘പന്ത് ചൈനയുടെ കോര്‍ട്ടിലാണെന്നും ലീവിറ്റ് പറയുന്നു.

അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കു ചൈനയ്ക്കുമേല്‍ 34 ശതമാനം പകരച്ചുങ്കമാണ് ട്രംപ് ആദ്യം ചുമത്തിയത്. ചൈനയും അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ചൈനയുടെ മേല്‍ 104% പകരച്ചുങ്കം യുഎസ് ചുമത്തി. ഇതോടെ യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന 84 ശതമാനം പകരച്ചുങ്കം ചുമത്തി. ഇങ്ങനെ ഇരു സാമ്പത്തിക ശക്തികളും പരസ്പരം പോരടിക്കുകയായിരുന്നു. ആഗോള വ്യാപാരവിപണിയെ പിടിച്ചുകുലുക്കിയാണ് ട്രംപ് തുറന്നുവിട്ട തീരുവ ഭൂതം പാഞ്ഞത്.

ചൈന യുഎസുമായി വ്യാപാര കരാറിന് തയാറാകണമെന്നും ചൈനയെ അങ്ങോട്ട് സമീപിച്ച് കരാറിന് ശ്രമിക്കേണ്ട ആവശ്യം യുഎസിനില്ലെന്നും ചൈനയുമായി കരാറിന് സന്നദ്ധനാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്നും ലീവിറ്റ് ചൂണ്ടിക്കാട്ടി.