
വാഷിംഗ്ടൺ: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അമിതമായി തീരുവ ഈടാക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനം ഏറ്റവും തിരിച്ചടിയാവുക ചൈനയ്ക്ക്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങള്‍ക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.
അമേരിക്കയുടെ സുപ്രധാന വ്യാപാര പങ്കാളികള്‍ക്കെല്ലാമെതിരേ പകരച്ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ സുപ്രധാന വിപണികളില്‍ ഒന്നായ ചൈനയ്ക്ക് 34 ശതമാനം ഇറക്കുമതി തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യക്ക് 26 ശതമാനം, യൂറോപ്യന്‍ യൂണിയന് 20 ശതമാനം, വിയറ്റ്‌നാമിന് 46 ശതമാനം, ജപ്പാന് 24 ശതമാനം, തായ്‌വാന് 32 ശതമാനം, ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനം, തായ്‌ലന്റിന് 36 ശതമാനവുമാണ് യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന പകരച്ചുങ്കങ്ങള്‍.
ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയിട്ടുള്ളത് ചൈനയ്ക്കാണ്. നിലവില്‍ ചൈനയില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഈടാക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതുതായി 34 ശതമാനം തീരുവ കൂടി ചുമത്തിയിട്ടുള്ളത്. ഇതോടെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അമേരിക്കയില്‍ എത്തിക്കുന്നതിന് 54 ശതമാനം ഇറക്കുമതി തീരുവ നല്‍കണമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്.