
വാഷിംഗ്ടൺ: അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന താരിഫ് നിരക്കുകൾ വിശദീകരിച്ച് 12 രാജ്യങ്ങൾക്കുള്ള കത്തുകളിൽ ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ കത്തുകൾ തിങ്കളാഴ്ച അയക്കുമെന്നും ഒന്നെങ്കിൽ അംഗീകരിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക എന്ന രീതിയിലുള്ള വാഗ്ദാനങ്ങളാണിവയെന്നും ട്രംപ് വിശേഷിപ്പിച്ചു. ന്യൂജേഴ്‌സിയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപ് ഈ രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയില്ല. തിങ്കളാഴ്ച അവ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി പ്രതീക്ഷിച്ചിരുന്ന ഒരു വ്യാപാര ഉടമ്പടി യാഥാർത്ഥ്യമായിട്ടില്ല. ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര ചർച്ചകളിൽ ഒരു വഴിത്തിരിവുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും താരിഫ് വർദ്ധനവ് ഒഴിവാക്കാൻ നിലവിലുള്ള സ്ഥിതി തുടരാൻ ശ്രമിക്കുമെന്നുമാണ് യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞർ വെള്ളിയാഴ്ച അറിയിച്ചത്. ഒന്നാം ഘട്ട കത്തുകൾ വെള്ളിയാഴ്ച അയക്കാനായിരുന്നു നേരത്തെ ട്രംപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ തീയതി മാറ്റിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
താരിഫ് സംബന്ധിച്ച പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, “ഞാൻ ചില കത്തുകളിൽ ഒപ്പുവെച്ചു, അവ തിങ്കളാഴ്ച അയക്കും, ഒരുപക്ഷേ 12 എണ്ണം,” എന്ന് ട്രംപ് പറഞ്ഞു. “വ്യത്യസ്ത തുകകൾ, വ്യത്യസ്ത താരിഫുകൾ.” എന്നും യുഎസ് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. തായ്‌വാൻ മുതൽ യൂറോപ്യൻ യൂണിയൻ വരെയുള്ള ഡസൻ കണക്കിന് രാജ്യങ്ങൾക്ക് വ്യാഴാഴ്ച മുതൽ 10 മുതൽ 70 ശതമാനം വരെ ഉയർന്ന തീരുവകൾ പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്‍റ് വ്യാഴാഴ്ച പറഞ്ഞിരുന്നു.