തീരുവയ്ക്ക് പിന്നാലെ അമേരിക്കയില്‍ നിന്നും അടുത്ത അടി, ‘ഇന്ത്യക്കാര്‍ക്ക് H-1B വിസ കൊടുക്കരുത്’: നിര്‍ദേശം മുന്നോട്ടുവെച്ച് യു.എസ് കോണ്‍ഗ്രസ് അംഗം

വാഷിംഗ്ടണ്‍ : H-1B വിസയിലുള്ള ഇന്ത്യക്കാരുടെ നെഞ്ചിടിപ്പു കൂട്ടുന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍ രംഗത്ത്.

ഇന്ത്യന്‍ H-1B വിസ ഉടമകള്‍ അമേരിക്കന്‍ ജോലികള്‍ തട്ടിയെടുക്കുകയാണെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ തിങ്കളാഴ്ച ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒരു പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിനാല്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ ഉയര്‍ന്ന താരിഫ് വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഈ പോസ്റ്റ് വീണ്ടും പങ്കുവെച്ചുകൊണ്ടാണ്, H-1B വിസകളെക്കുറിച്ചുള്ള സ്വന്തം നിര്‍ദേശം അവര്‍ കുറിച്ചത്.

പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു കുടിയേറ്റേതര വിസയാണ് എച്ച് വണ്‍ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കാന്‍ കമ്പനികള്‍ ഈ വിസയെ ആശ്രയിക്കുന്നു. വര്‍ഷങ്ങളായുള്ള വിവരങ്ങള്‍ അനുസരിച്ച് എച്ച് 1 ബി വിസകളില്‍ 72% ഇന്ത്യന്‍ പൗരന്മാരാണ്. 12% വരുന്ന ചൈനക്കാരാണ് രണ്ടാം സ്ഥാനത്ത്.

ഈ വിസകളിലൂടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ സിലിക്കണ്‍ വാലിയിലെ ഐടി മേഖല ഉള്‍പ്പെടെ യുഎസ് സമ്പദ്വ്യവസ്ഥയുടെ വലിയൊരു വിഭാഗത്തില്‍ ജോലിനേടിയിട്ടുണ്ട്. എച്ച് -1 ബി വിസ ഉടമകളില്‍ ഭൂരിഭാഗവും 2023 ല്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയില്‍ ജോലി നേടിയിരുന്നു. ഇതില്‍ 65%വും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികളിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥി വിസകള്‍ക്കൊപ്പം H1B വിസയും പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ അടുത്തിടെ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide