
വാഷിംഗ്ടണ്‍ : വാള്‍മാര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിലവര്‍ദ്ധനയ്ക്ക് വാള്‍മാര്‍ട്ട് തന്റെ ഭരണകൂടത്തിന്റെ ഇറക്കുമതി തീരുവയെ കുറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ട്രംപ് ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ എത്തി കമ്പനിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. വില വര്‍ദ്ധിപ്പിക്കാതെ കമ്പനി സ്വയം ചെലവ് ഏറ്റെടുക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
‘ വിലവര്‍ദ്ധനക്ക് കാരണമായി താരിഫുകളെ കുറ്റപ്പെടുത്താന്‍ വാള്‍മാര്‍ട്ട് ശ്രമിക്കുന്നത് നിര്‍ത്തണം,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. ”കഴിഞ്ഞ വര്‍ഷം വാള്‍മാര്‍ട്ട് കോടിക്കണക്കിന് ഡോളര്‍ സമ്പാദിച്ചു, പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍… താരിഫ് നിങ്ങളങ്ങ് വിഴുങ്ങിക്കോ… ഉപഭോക്താക്കളില്‍ നിന്ന് ഒന്നും ഈടാക്കരുത്. ഞാന്‍ ശ്രദ്ധിക്കും, നിങ്ങളുടെ ഉപഭോക്താക്കളും!’
എന്നാല്‍, വിലകള്‍ കഴിയുന്നത്ര കുറയ്ക്കാന്‍ അവര്‍ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ‘ഞങ്ങള്‍ നിര്‍ത്തുകയില്ല’ എന്നും വാള്‍മാര്‍ട്ടിന്റെ വക്താവ് ശനിയാഴ്ച സിബിഎസ് ന്യൂസിനോട് പറഞ്ഞു. വിലക്കയറ്റം ചൂണ്ടിക്കാട്ടി വാള്‍മാര്‍ട്ട് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജോണ്‍ ഡേവിഡ് റെയ്നി പറയുന്നതനുസരിച്ച് ചൈനയില്‍ നിര്‍മ്മിച്ച 350 ഡോളര്‍ ചെലവുള്ള കാര്‍ സീറ്റുകള്‍ക്ക് ഉടന്‍ തന്നെ 100ഡോളര്‍ അധിക ചെലവ് വരും. അതായത് 29% വില വര്‍ദ്ധനവ്.
ട്രംപിന്റെ തീരുവ വര്‍ദ്ധന പല പ്രമുഖ അമേരിക്കന്‍ കമ്പനികളെയും കാര്യമായി ബാധിച്ചുവെന്നതാണ് ട്രംപും വാള്‍മാര്‍ട്ടും തമ്മിലുള്ള തര്‍ക്കം ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ തീരുവകള്‍ ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് പുറത്തുനിന്നുള്ള വിശകലനങ്ങള്‍ പറയുന്നുണ്ടെങ്കിലും, ആഭ്യന്തര വാഹന നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തരുതെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കിയിട്ടുള്ളത്.