എളുപ്പത്തിൽ, വേഗത്തിൽ യുഎസ് വിസ; അമേരിക്കൻ വിസ തട്ടിപ്പ്, അപേക്ഷകർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി

ന്യൂഡൽഹി: അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് അപേക്ഷകരെ കബളിപ്പിക്കുന്ന സംഘങ്ങൾക്കെതിരെ ഇന്ത്യയിലെ യുഎസ് എംബസി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിസ നടപടിക്രമങ്ങളിലെ കാലതാമസം മുതലെടുത്ത് ഏജന്റുമാരും വ്യാജ വെബ്‌സൈറ്റുകളും അപേക്ഷകരെ ലക്ഷ്യമിടുന്ന പശ്ചാത്തലത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്. വിസ ഉറപ്പാക്കാമെന്നോ അല്ലെങ്കിൽ വളരെ വേഗത്തിൽ വിസ ലഭ്യമാക്കാമെന്നോ പറയുന്ന സന്ദേശങ്ങളും ഏജന്റുമാരും തട്ടിപ്പുകാരാണ്. എംബസിക്ക് പുറത്തുള്ള ആർക്കും വിസ അനുവദിക്കാനുള്ള അധികാരമില്ല.

വിസ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏക ഔദ്യോഗിക പോർട്ടൽ www.ustraveldocs.com ആണ്. ഇതല്ലാതെ മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന അപ്പോയിന്റ്‌മെന്റുകൾക്ക് നിയമസാധുത ഉണ്ടായിരിക്കില്ല. വിസ ഫീസ് നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രമേ നൽകാവൂ. ഏജന്റുമാർക്ക് വലിയ തുക നൽകുന്നത് പണവും സമയവും നഷ്ടപ്പെടുത്താൻ മാത്രമേ സഹായിക്കൂ.

ക്രമവിരുദ്ധമായ രീതിയിൽ അപ്പോയിന്റ്‌മെന്റുകൾ നേടിയെടുക്കുന്നത് തടയാൻ എംബസി നടപടി ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ അവിഹിത മാർഗ്ഗങ്ങളിലൂടെയും ബോട്ടുകൾ വഴിയും നേടിയ ഏകദേശം 2,000 അപ്പോയിന്റ്‌മെന്റുകൾ യുഎസ് കോൺസുലർ ടീം റദ്ദാക്കി. അത്തരം അക്കൗണ്ടുകൾ സ്ഥിരമായി ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. അപേക്ഷാ ഫോമുകൾ (DS-160) പൂരിപ്പിക്കുമ്പോൾ സ്വന്തം വിവരങ്ങൾ മാത്രം നൽകുക.

ഔദ്യോഗിക മെയിൽ ഐഡികളിൽ (@mea.gov.in അല്ലെങ്കിൽ @state.gov) നിന്ന് വരുന്ന അറിയിപ്പുകൾ മാത്രം വിശ്വസിക്കുക.
അടിയന്തര ആവശ്യങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റിലെ ‘Expedited Appointment’ സൗകര്യം ഉപയോഗിക്കുക.

More Stories from this section

family-dental
witywide