
ന്യൂഡല്‍ഹി : തീരുവയും ഉപരോധങ്ങളും ഉപയോഗിച്ച് ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് യുഎസ്സിനോട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയിലും ചൈനയിലെ സൈനിക പരേഡിലും പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുടിന്‍.
ഏഷ്യയിലെ രണ്ട് വന്‍ ശക്തികളെ ദുര്‍ബലപ്പെടുത്താനുള്ള ഒരു ഉപകരണം എന്ന നിലയില്‍ സാമ്പത്തിക സമ്മര്‍ദ്ദം ഉപയോഗിച്ചതിന് ട്രംപ് ഭരണകൂടത്തെ അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ത്യയോടും ചൈനയോടും ആ രീതിയില്‍ സംസാരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് തീരുവ നയം ഈ രാജ്യങ്ങളുടെ നേതൃത്വത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും പുടിന്‍ പറഞ്ഞു. മാത്രമല്ല, ഇന്ത്യയെയും ചൈനയെയും ‘പങ്കാളികള്‍’ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്.
‘150 കോടി ജനങ്ങളുള്ള ഇന്ത്യയെയും ശക്തമായ സാമ്പത്തിക ശക്തിയായ ചൈനയെയും പോലുള്ള രാജ്യങ്ങള്‍ക്കുപോലും അവരുടേതായ ആഭ്യന്തര രാഷ്ട്രീയ സംവിധാനങ്ങളും നിയമങ്ങളുമുണ്ട്, ഒരാള്‍ നിങ്ങളെ ശിക്ഷിക്കാന്‍ പോകുകയാണെന്ന് പറയുമ്പോള്‍, ഈ വലിയ രാജ്യങ്ങളുടെ നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കണം.’- പുടിന്‍ പറഞ്ഞു.