പാകിസ്ഥാൻ അംഗീകരിച്ച ട്രംപിന്‍റെ വാഗ്ദാനം തള്ളി ഇന്ത്യ, ‘കശ്മീരിന്‍റെ കാര്യത്തിൽ ആരുടെയും മധ്യസ്ഥത ആവശ്യമില്ല’

ഡൽഹി: കശ്മീരിന്‍റെ കാര്യത്തിൽ ആരുടെയും മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ. യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്‍റെ വാഗ്ദാനത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുടെ ഇക്കാര്യത്തില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ചു

“കശ്മീരിനെക്കുറിച്ച് ഞങ്ങൾക്ക് വളരെ വ്യക്തമായ നിലപാടുണ്ട്. ഒരേയൊരു കാര്യം മാത്രമേ ബാക്കിയുള്ളൂ. പാക് അധീന കശ്മീര്‍ (പിഒകെ) തിരികെവേണം. മറ്റൊന്നും സംസാരിക്കാനില്ല. ഭീകരരെ കൈമാറുന്നതിനെക്കുറിച്ച് അവർ സംസാരിക്കുകയാണെങ്കിൽ, അതിലും ചര്‍ച്ചയാകാം. ആരും മധ്യസ്ഥത വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആരുടെയെങ്കിലും മധ്യസ്ഥത ഞങ്ങൾക്ക് ആവശ്യമില്ല” – കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

കശ്മീർ പ്രശ്നത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. എന്നാൽ ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള നീക്കങ്ങൾ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പിൽ പറയുന്നു.

Also Read

More Stories from this section

family-dental
witywide