
വാഷിംഗ്ടണ്‍ : കലങ്ങിമറിയുന്ന അമേരിക്കന്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രശസ്ത പ്രൈമറ്റോളജിസ്റ്റും എഥോളജിസ്റ്റും മൃഗാവകാശ സംരക്ഷകയും കണ്‍സര്‍വേഷനിസ്റ്റുമായ ഡോ. ജെയ്ന്‍ ഗുഡാളിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; അദ്ദേഹത്തിന്റെ അതിതീവ്ര ഭരണകൂടവും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, എന്നിവരെ ഭൂമിക്ക് ആവശ്യമില്ലെന്നും അന്യഗ്രഹത്തിലേക്ക് അയക്കണമെന്നുമാണ് ഗുഡാള്‍ പറയുന്നത്. ഇലോണ്‍ മസ്‌ക്കിന്റെ ബഹിരാകാശ പേടകത്തില്‍ കയറ്റിയാണ് ഇവരെ തുരത്തേണ്ടതെന്നും ഗുഡാള്‍ പറഞ്ഞുവയ്ക്കുന്നത്.
ഈ മാസം ആദ്യം ഗുഡാള്‍ അന്തരിച്ചെങ്കിലും, നെറ്റ്ഫ്‌ളിക്‌സിനായി മാര്‍ച്ചില്‍ ചിത്രീകരിച്ച അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തനിക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഗുഡാള്‍ തന്റെനിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ‘തീര്‍ച്ചയായും, എനിക്ക് ഇഷ്ടമില്ലാത്ത ചിലര്‍ ഉണ്ട്. അവരെയെല്ലാം ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ പേടകത്തില്‍ കയറ്റി, മസ്‌ക് കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കുന്ന ഏതെങ്കിലും ഗ്രഹത്തിലേക്ക് അയക്കണം’- ഗുഡാള്‍ പറഞ്ഞു.
മസ്‌ക് ആയിരിക്കണം ഇവരെയെല്ലാം സ്വീകരിച്ച് കൊണ്ടുപോകേണ്ടതെന്നുകൂടി ഗുഡാള്‍ പറഞ്ഞുവെച്ചു.