അമേരിക്കന്‍ വാര്‍ത്തകളുമായി മലയാളിക്കൊപ്പം സഞ്ചരിക്കുന്ന ഡോ. കൃഷ്ണ കിഷോറിനെ ആദരിച്ച് ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക; ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു

കൃഷ്ണ കിഷോര്‍, ഏഷ്യാനെറ്റ് ന്യൂസ്, വാഷിംഗ്ടണ്‍…… കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം കാലമായി അമേരിക്കയില്‍ നിന്ന് മലയാളികള്‍ കേള്‍ക്കുന്ന സൈനിംഗ് ഓഫാണ് ഇത്. അമേരിക്കന്‍ വാര്‍ത്തകളിലൂടെയും പ്രതിവാര പരിപാടികളിലൂടെയും മലയാളികള്‍ക്ക് എന്നും സുപരിചിതനാണ് ഡോ. കൃഷ്ണ കിഷോര്‍. അങ്ങനെ വാര്‍ത്തകളുമായി അമേരിക്കയില്‍ നിന്ന് ലോകത്താകെയുള്ള മലയാളികള്‍ക്കൊപ്പം സഞ്ചരിക്കുന്ന കൃഷ്ണ കിഷോറിനായിരുന്നു ഇത്തവണത്തെ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ന്യൂജേഴ്സിയില്‍ നടന്ന അന്താരാഷ്ട്ര മീഡിയ സെമിനാറില്‍ ആ പുരസ്കാരം നല്‍കി കൃഷ്ണ കിഷോറിനെ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിച്ചു.

പാര്‍ലമെന്റ് അംഗങ്ങളായ എന്‍.കെ.പ്രോമചന്ദ്രന്‍, വി.കെ.ശ്രീകണ്ഠന്‍, പ്രമോദ് നാരായണൻ എംഎൽഎ കേരളത്തില്‍ നിന്നെത്തിയ ജോണി ലൂക്കോസ് ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൃഷ്ണ കിഷോറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഐ.പി.സി.എന്‍.എ സമ്മാനിച്ചത്.

യു.എസ് മലയാളി എന്നാല്‍ മലയാളികള്‍ക്ക് കൃഷ്ണ കിഷോര്‍ എന്ന പേരായിരിക്കും ആദ്യം മനസ്സില്‍ വരിക. അത്രമേല്‍ മലയാളി ഹൃദയങ്ങളില്‍
അടയാളപ്പെടുത്താന്‍ അമേരിക്കയില്‍ നിന്നുള്ള വാര്‍ത്താ അവതരണത്തിലൂടെ കൃഷ്ണ കിഷോര്‍ എന്ന മാധ്യമ പ്രവര്‍ത്തകന് സാധിച്ചിട്ടുണ്ട്.

1989ലാണ് കൃഷ്ണ കിഷോര്‍ അമേരിക്കയില്‍ എത്തുന്നത്. ഫുള്‍ മെറിറ്റ് സ്കോളര്‍ഷിപ്പോടെ ഉപരിപഠനത്തിനായി എത്തിയ അദ്ദേഹം, അക്കാദമിക മേഖലയിലും കോര്‍പ്പറേറ്റ് രംഗത്തും, മാധ്യമ രംഗത്തും ഒരുപോലെ തിളങ്ങി. 58 ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സര്‍വ്വീസ് സ്ഥാപനങ്ങളിലൊന്നായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിലെ മെര്‍ജേഴ്സ് ആന്റ് അക്ക്വിസിഷന്‍സ് ബിസിനസ്സിനായുള്ള ഇൻഫർമേഷൻ മാനേജ്മെന്റിന്റെ സീനിയർ ഡയറക്ടറും യുഎസ് ലീഡറുമാണ് കൃഷ്ണ കിഷോര്‍. വലിയ വരുമാനമുള്ള ജോലിയില്‍ തുടരുമ്പോഴും ജേര്‍ണലിസത്തോടുള്ള പാഷന്‍ ഒരിക്കലും അദ്ദേഹം കൈവിട്ടില്ല. ഓരോ ദിവസവും ഔദ്യോഗിക ജോലി സമയം പൂര്‍ത്തിയാകുന്നതോടെ കൃഷ്ണ കിഷോറിലെ ജേര്‍ണലിസ്റ്റ് ഉണരും. അങ്ങനെ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു പേരായി കൃഷ്ണ കിഷോര്‍ തുടരുകയാണ്.

പ്രൈസ് വാട്ടേഴ്സ് കൂപ്പേഴ്സിലെ ജോലിക്ക് മുമ്പ്
ഡോ. കിഷോർ ഡിലോയിറ്റ് എന്ന ആഗോള കൺസൽട്ടിങ് കമ്പനിയിൽ 15 വർഷം ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. അമേരിക്കയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കേന്ദ്രമായ ബെൽ കമ്മ്യൂണിക്കേഷൻസ് റിസർച്ചിലും സേവനം അനുഷ്ഠിച്ചു. 15-ലേറെ രാജ്യങ്ങളിൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ സ്വതന്ത്രവൽക്കരണത്തിൽ വലിയ സംഭാവന നൽകിയ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയിൽ റിലയൻസ് ഇൻഡസ്ട്രീസ് ടെലികമ്മ്യൂണിക്കേഷൻസ് ബിസിനസ്സ് ആരംഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അക്കാലത്ത് കമ്പനിയുടെ ഏഷ്യ പസഫിക് മേഖലയുടെ ഡയറക്ടറായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോഴും, അവിടെ നിന്നുകൊണ്ടു തന്നെ അദ്ദേഹം ഒരു പ്രതിഭാധനനായ മാധ്യമപ്രവർത്തകനായി തന്റേതായ വഴി വെട്ടിത്തുറന്നു. 37 വർഷങ്ങൾക്ക് മുമ്പ് ആകാശവാണിയില്‍ തുടങ്ങിയതാണ് കൃഷ്ണ കിഷോറിന്റെ മാധ്യമ പ്രവര്‍ത്തന ജീവിതം. ആകാശവാണിയിൽ ന്യൂസ് റീഡറായിരുന്നു കിഷോര്‍. പിന്നീടാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ 18 വർഷമായി ഏഷ്യാനെറ്റ് ന്യൂസിലൂടെ ലോക മലയാളികൾക്ക് സുപരിചിതനായി തുടരുന്നു. ഇംഗ്ലിഷിലും മലയാളത്തിലും ഒരേ മികവോടെ മാധ്യമ പ്രവർത്തനം നടത്തുന്ന അപൂർവ വ്യക്തികളിൽ ഒരാള്‍ കൂടിയാണ് കൃഷ്ണ കിഷോർ.

നാലായിരത്തിലധികം ന്യൂസ് റിപ്പോർട്ടുകൾ, അമേരിക്ക ഈ ആഴ്ച്ച പരിപാടികളുടെ 1000 പ്രതിവാര എപ്പിസോഡുകൾ അദ്ദേഹം പൂർത്തിയാക്കി. ഇന്ന് ഇംഗ്ലീഷിലും, മലയാളത്തിലും മുൻ നിര പത്രങ്ങളിൽ കോളമിസ്റ്റുകൂടിയാണ്. മുപ്പതിലധികം മാധ്യമ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അന്താരഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും, ആഗോള രാഷ്ട്രീയ വേദികളിലും ഒരു പോലെ നിറ സാന്നിധ്യമാണ് .

ടെലികമ്മ്യൂണികേഷൻസ്‌ ‌ രംഗത്തെ ഗവേഷണത്തിന് യുഎസ് ഗവൺമെന്റിന്റെ ഔട്ട്‍സ്റ്റാന്റിംഗ് റിസേർച്ചർ ബഹുമതി, സതേൺ ഇല്ലിനോയ് യൂണിവേസിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം. പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി, ഈ വർഷത്തെ ഔട്ട്സ്റ്റാന്റിംഗ്അലുംനി അവാർഡ് എന്നിവ അമേരിക്ക അദ്ദേഹത്തിന് സമ്മാനിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധങ്ങളെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്ന അദ്ദേഹത്തെ ന്യൂജേഴ്സി–ഇന്ത്യ കമ്മീഷനിലേക്ക് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി നിയമിച്ചത് ഒരു അസുലഭ നേട്ടമാണ്.

ലോക പൗരത്വം എങ്ങനെയാകണം എന്നതിന് അദ്ദേഹത്തിന്റെ ജീവിതം ഒരു അപൂർവ മാതൃകയായി നിലകൊള്ളുന്നു. അർപ്പണബോധത്തിന്റെയും, മികവിന്റെയും പര്യായമായ ഡോ. കൃഷ്ണ കിഷോറിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് അഭിമാനപൂർവമാണ് നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡ‍ന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ് തുടങ്ങിയവരും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു. കൃഷ്ണ കിഷോര്‍ ഏഷ്യാനെറ്റ് ന്യൂസ് എന്ന സൈനിംഗ് ഓഫ് ഇനിയും ഒരുപാടുകാലം തുടരട്ടേ…

Dr. Krishna Kishore honored by IPCNA with Lifetime Achievement Award

More Stories from this section

family-dental
witywide