
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വർധിച്ചുവരുന്ന തന്ത്രപരമായ പങ്കാളിത്തം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോറുമായി ചർച്ച ചെയ്തു. സെനറ്റിന്‍റെ സ്ഥിരീകരണം ലഭിച്ച ശേഷം യുഎസ് പ്രതിനിധിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി ഗോർ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലാണ്. യുഎസ് മാനേജ്മെന്‍റ് ആൻഡ് റിസോഴ്‌സസ് ഡെപ്യൂട്ടി സെക്രട്ടറി മൈക്കിൾ ജെ. റിഗാസും ഗോറിനൊപ്പമുണ്ടായിരുന്നു.
ന്യൂഡൽഹിയിൽ വെച്ച് നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോറിനെ കണ്ടതിൽ സന്തോഷമുണ്ട്. ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ചും അതിന്റെ ആഗോള പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്തത്തിൽ എല്ലാ ആശംസകളും നേരുന്നു” എന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ജയശങ്കർ പറഞ്ഞു.
ഇതൊരു ചെറിയ പരിചയസമ്പാദന സന്ദർശനമാണ് എന്നും, ഗോറിന്റെ ഔദ്യോഗിക സ്ഥാനമേൽക്കലും നടപടിക്രമങ്ങളും പിന്നീട് തീരുമാനിക്കുമെന്നും യുഎസ് എംബസി അറിയിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഗോറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തവും ഇരുരാജ്യങ്ങൾക്കും പൊതുവായുള്ള മുൻഗണനകളും അവർ ചർച്ച ചെയ്തു. “ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് ഫലപ്രദമായ ആശയവിനിമയം നടന്നു. അദ്ദേഹത്തിന്റെ ദൗത്യത്തിൽ എല്ലാ വിജയവും നേരുന്നു,” വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിൽ കുറിച്ചു.
സെപ്റ്റംബർ 24-ന് ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിക്കിടെ ജയശങ്കറും ഗോറും കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കാനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തിരുന്നു. വ്യാപാര രംഗത്തെ സമീപകാല പ്രതിസന്ധികൾക്ക് ശേഷമാണ് ഗോറിന്റെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തത്. എങ്കിലും, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണങ്ങൾ പോസിറ്റീവായ സൂചനകൾ നൽകുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇരുപക്ഷവും വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിച്ചിട്ടുമുണ്ട്.