
ന്യൂഡല്‍ഹി : കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച രാത്രിയില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 800 പേര്‍ മരിച്ചതായാണ് വിവരം. 2,500 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് തീവ്രത കൂടുതലായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് താലിബാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. തലസ്ഥാനമായ കാബൂളില്‍ വരെ ശക്തമായ തുടര്‍ചലനങ്ങളുണ്ടായി.
ഭൂകമ്പം ബാധിച്ച കുനാര്‍ പര്‍വതപ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം റോഡുകള്‍ തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ മരണസംഖ്യ 800 കടന്നതായും നൂറുകണക്കിന് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും ഭയപ്പെടുന്നതായും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. പ്രദേശത്തിന്റെ പരുക്കനും കുത്തനെയുള്ളതുമായ ഭൂപ്രകൃതി ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു.
അഫ്ഗാനിസ്ഥാന്റെ പര്‍വതനിരകളായ കിഴക്കന്‍ മേഖലയിലാണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്, കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍, നൂറിസ്ഥാന്‍, ലാഗ്മാന്‍, കുനാര്‍ എന്നീ നാല് പ്രവിശ്യകളെയാണ് ഇത് ബാധിച്ചത്, കുനാര്‍ പ്രവിശ്യയിലാണ് നാശനഷ്ടങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ളത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം, നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് കാബൂളിലും പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ, പഞ്ചാബ് പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു.