
ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് മാഫിയ തലവൻ ജോസ് അഡോൾഫോ മാസിയാസ് എന്ന “ഫിറ്റോ”യെ അമേരിക്കയിലേക്ക് കൈമാറാൻ സമ്മതിച്ചു. മയക്കുമരുന്ന്, ആയുധക്കടത്ത് കേസുകളിൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് ആവശ്യമുള്ളയാളാണ് ഫിറ്റോ.
ക്രിമിനൽ സംഘടനയായ ലോസ് ചോണെറോസിന്റെ തലവനായ ഇയാൾ, നാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ നടന്ന ഹിയറിംഗിലാണ് തന്നെ കൈമാറാൻ സമ്മതിച്ചത്.
തന്റെ ഇക്വഡോറിയൻ അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് മാസിയാസ് കൈമാറ്റത്തിന് സമ്മതിച്ചതെന്ന് അമേരിക്കയിലെ മാസിയാസിന്റെ അഭിഭാഷകൻ അലക്സി ഷാച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനും അദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കാനും കഠിനമായി പരിശ്രമിക്കുകയാണെന്നും ഷാച്ച് പറഞ്ഞു. മാസിയാസും അദ്ദേഹത്തിന്റെ മുഴുവൻ നിയമ സംഘവും അദ്ദേഹത്തിന് സാധ്യമായ ഏറ്റവും മികച്ച ഫലം നേടുന്നതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2024 ജനുവരിയിൽ ഫിറ്റോ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് ഇക്വഡോറിനെ വലിയ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരുന്നു. തൊട്ടുപിന്നാലെ, ഒരു പ്രമുഖ ടിവി സ്റ്റേഷനിലേക്ക് തോക്കുധാരികൾ അതിക്രമിച്ചുകയറി ജീവനക്കാരെ തത്സമയം ബന്ദികളാക്കുകയും ചെയ്തിരുന്നു.