
ഡൽഹി: വിദേശ നിക്ഷേപ ചട്ടങ്ങൾ (എഫ്‍ ഡി ഐ) ലംഘിച്ചെന്നാരോപിച്ച് ബി ബി സിക്ക് കേന്ദ്ര സർക്കാരിന്‍റെ പ്രഹരം. ബി ബി സി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) 3.44 കോടി രൂപ പിഴ ചുമത്തി. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്‌ട് (ഫെമ) പ്രകാരം ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റർക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ മൂന്ന് ഡയറക്ടർമാർക്ക് 1.14 കോടി രൂപ വീതം പിഴയും ചുമത്തി.
2023 ൽ എടുത്ത കേസിലാണ് ഇ ഡി ഇപ്പോൾ നടപടി സ്വീകരിച്ചത്. 2012 മുതൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ ആദായനികുതി വകുപ്പ് ബി ബി സിയുടെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി ബി സി പുറത്തിറക്കിയ ഡോക്യൂമെന്റിക്ക് പിന്നാലെയായിരുന്നു കേസ് അടക്കമുള്ള നടപടികൾ കേന്ദ്രം തുടങ്ങിയത്. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ പിഴ ചുമത്തുകയും ചെയ്തത്. എന്നാൽ ഇതിനോട് ബി ബി സി പ്രതികരിച്ചിട്ടില്ല.
100 ശതമാനം വിദേശ നിക്ഷേപമുള്ള കമ്പനിയാണ് ബിബിസി ഡബ്ല്യുഎസ് ഇന്ത്യ. ഇത് 26 ശതമാനമായി കുറയ്ക്കാത്തത് നിയമങ്ങളുടെ ലംഘനമാണെന്നാണ് ചൂണ്ടികാട്ടിയിരിക്കുന്നത്. 3,44,48,850 രൂപയുടെ പിഴക്ക് പുറമെ ഫെമ നിയമവ്യവസ്ഥകൾ ലംഘിച്ചതിന് 2021 ഒക്ടോബർ 15 ന് ശേഷമുള്ള എല്ലാ ദിവസവും 5000 രൂപ പിഴയും നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.