
തിരുവനന്തപുരം: എട്ടാം ക്ലാസുകാരന്‍ മിഥുന്റെ ജീവനെടുത്ത അപകടത്തിനു പിന്നാലെ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിനോടു നിര്‍ദേശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മാനേജ് മെന്റിന് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മൂന്നു ദിവസത്തിനകം സ്‌കൂള്‍ മറുപടി നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ സ്‌കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന മുന്നറിയിപ്പും മന്ത്രിയുടെ ഭാഗത്തുനിന്നും എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്‌കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.