
കൊച്ചി : എറണാകുളം -ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ചത് വിവാദമായതിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും, ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇത്തരം ഔദ്യോഗിക ചടങ്ങിൽ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
എറണാകുളം ബെംഗളൂരു വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടന യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ട്രെയിനില്‍ ഗണ ഗീതം പാടുന്ന വിഡിയോയാണ് വിവാദമായത്. ദക്ഷിണ റെയില്‍വേ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് എതിരെ പ്രതിഷേധം ഉയരുകയും പിന്നാലെ ദൃശ്യം നീക്കം ചെയ്യുകയുമായിരുന്നു. എന്നാൽ, രാത്രി ഇത് വീണ്ടും പോസ്റ്റ് ചെയ്തു.
Education Minister V. Sivankutty announced an investigation into the incident of students singing the RSS Gana Geet









